print edition തുടർച്ചയ്ക്ക് എൽഡിഎഫ്; നുണക്കോട്ട കെട്ടി യുഡിഎഫ്

ഒ വി സുരേഷ്
Published on Apr 02, 2026, 01:06 AM | 1 min read
തിരുവനന്തപുരം: പതിനാറാം നിയമസഭയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് ഇനി ഒരാഴ്‌ച മാത്രം. ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ എൽഡിഎഫ്, വികസനം ചർച്ചയാക്കി മൂന്നാം സർക്കാർ രൂപീകരിക്കാനുള്ള ജനസമ്മതി തേടുന്പോൾ നുണകൾ ആവർത്തിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് യുഡിഎഫ്. ഇതിനിടയിൽ സ്ഥിരം വർഗീയ അജൻഡയുമായി കുറച്ചുസീറ്റുകളിൽ മാത്രം കേന്ദ്രീകരിക്കുന്ന എൻഡിഎയും.
എൽഡിഎഫ് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 10 ദിവസമായി പര്യടനത്തിലാണ്. 10 ജില്ലകളിലായി 40 കേന്ദ്രങ്ങളിൽ സംസാരിച്ചു. ദിവസവും മാധ്യമങ്ങളുമായി സംവദിക്കുന്നു. വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറയുന്ന അദ്ദേഹം യുഡിഎഫിന്റെ നുണപ്രചാരണങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നു. വ്യാഴാഴ്‌ച കോഴിക്കോടും വെള്ളിയാഴ്‌ച കണ്ണൂരിലുമാണ് മുഖ്യമന്ത്രി. വ്യാഴാഴ്‌ച എൽഡിഎഫ് പ്രകടനപത്രികയും പുറത്തിറങ്ങും. നവകേരളനിർമിതിക്കായുള്ള തുടർപ്രവർത്തനങ്ങളിലെ എൽഡിഎഫ് കാഴ്‌ചപ്പാട് ഇതിലൂടെ ജനങ്ങൾക്കുമുന്നിലെത്തും.
വയനാടിനായി പിരിച്ച ഫണ്ട് എവിടെ എന്ന ചോദ്യത്തിൽ ഉത്തരംമുട്ടി വിയർക്കുകയാണ് കോൺഗ്രസ്. പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിവരുൾപ്പെട്ട സീറ്റിന് കോഴ കേസിലും വിയർക്കുന്നു. ഇതിനെ നേരിടാൻ നുണകളെയാണ് കോൺഗ്രസ് ആശ്രയിക്കുന്നത്. കോൺഗ്രസ് ഉയർത്തിയ ബിജെപി ഡീൽ അവർക്ക് തന്നെ തിരിച്ചടിയായതോടെ മടക്കിവെച്ചു. എസ്‌ഐആർ നടപ്പാക്കുന്നത് പിണറായിയാണ് എന്ന് പറഞ്ഞുനടന്നവരുടെ പുതിയ നുണ പെട്രോളിനും പാചകവാതകത്തിനും വിലകൂട്ടിയതും പിണറായിയാണെന്നാണ്.
എൽഡിഎഫിനായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പിബി അംഗങ്ങളായ മറിയം ധാവ്‌ളെ, വിജൂ കൃഷ്‌ണൻ, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുതിർന്ന നേതാവ് ആനി രാജ, ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് തുടങ്ങിയ ദേശീയ നേതാക്കൾ പ്രചാരണത്തിനെത്തി.










0 comments