ad
Deshabhimani

print edition എല്ലാം ശരിയാക്കി ഇനിയും തുടരാം

kerala cm
വെബ് ഡെസ്ക്

Published on Apr 03, 2026, 01:21 AM | 2 min read

തിരുവനന്തപുരം പ്രകടനപത്രികയെന്നാൽ നടപ്പാക്കാനുള്ളതാണെന്നും കേവലം വാഗ്‌ദാനങ്ങളല്ലെന്നും തെളിയിച്ചാണ്‌ എൽഡിഎഫ്‌ സർക്കാരുകൾ മുന്നേറിയത്‌. വാഗ്‌ദാനങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്ന പ്രോഗ്രസ്‌ റിപ്പോർട്ട്‌ എല്ലാവർഷവും ജനങ്ങൾക്കുമുന്നിൽ സമർപ്പിച്ചു. പത്തുവർഷമായി കേരളത്തിലുണ്ടായ വികസനക്കുതിപ്പിന്റെ തുടർച്ചയ്‌ക്കുള്ള സമഗ്രരൂപരേഖയാണ്‌ ഇത്തവണത്തെ പ്രകടനപത്രികയും. യുഡിഎഫിന്റെ അഞ്ചുവർഷം കേരളത്തിനുനൽകിയ ഇരുണ്ടകാലം മാറ്റിയെഴുതാനായിരുന്നു 2016ൽ എൽഡിഎഫ്‌ ജനങ്ങളോട്‌ വോട്ടുചോദിച്ചത്‌.

അനാദായകരമെന്നപേരിൽ താഴിട്ടുതുടങ്ങിയ പൊതുവിദ്യാഭ്യാസം, രോഗികൾ ആട്ടിയോടിക്കപ്പെട്ട ആരോഗ്യമേഖല, തകർന്ന റോഡുകളും പാലങ്ങളും, പവർകട്ടിന്റെ കറുത്തദിനങ്ങൾ, അട്ടിമറിക്കപ്പെട്ട പൊതുവിതരണ സമ്പ്രദായം, ഉപേക്ഷിക്കപ്പെട്ട ദേശീയപാത വികസനവും ഗെയിൽ പൈപ്പ്‌ലൈനും കൊച്ചി– ഇടമൺ പവർ ഹൈവേയും, യുവജനങ്ങളുടെ തൊഴിൽ സ്വപ്‌നങ്ങളെ തകർത്ത നിയമനനിരോധാനം, ക്ഷേമപെൻഷനുകൾ കിട്ടാതായത്‌, തകർന്ന സാമ്പത്തികസ്ഥിതി. ഇ‍ൗ ദുരന്തകാലത്തിൽനിന്ന്‌ കേരളത്തെ മോചിപ്പിച്ച്‌ ‘എല്ലാം ശരിയാക്കാം’ എന്ന ഉറപ്പായിരുന്നു എൽഡിഎഫ്‌ ജനങ്ങൾക്ക്‌ നൽകിയത്‌. അതിനായി 600 ഇനങ്ങളാണ്‌ പ്രഖ്യാപിച്ചത്‌. വാക്കുപാലിച്ച എൽഡിഎഫ്‌ മുഴുവൻ കാര്യങ്ങളും നടപ്പാക്കി. ഇതിനിടയിൽ പ്രളയവും നിപായും കോവിഡുംപോലെ പ്രതിസന്ധികളെ കരുത്തോടെ നേരിട്ട്‌ ലോകത്തിനു മാതൃകയായി. അസാധ്യമെന്നു കരുതിയ ദേശീയപാതയും ഗെയിലും പവർഹൈവേയും യാഥാർഥ്യമാക്കി. 2021ലെ തെരഞ്ഞെടുപ്പിൽ ‘ഉറപ്പാണ്‌ എൽഡിഎഫ്‌’ എന്ന മുദ്രാവാക്യവുമായി വികസനത്തുടർച്ചയ്‌ക്കാണ്‌ വോട്ടുചോദിച്ചത്‌.

അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുകയെന്ന പതിവുരീതിക്കുപകരം, മാറ്റം അനുഭവിച്ചറിഞ്ഞ ജനങ്ങൾ ചരിത്രം തിരുത്തി. തുടർഭരണത്തിലെത്തിയ സർക്കാർ നേരിട്ടത്‌ കടുത്ത വെല്ലുവിളികൾ. ഫെഡറൽ തത്വങ്ങൾ ലംഘിച്ച്‌ കേരളത്തെ ശത്രുരാജ്യമായികണ്ട കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കാൻ തുടങ്ങി. മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന കേന്ദ്രത്തിന്റെ രാഷ്‌ട്രീയക്കളിയെ ഒറ്റക്കെട്ടായി നേരിടേണ്ടതിനുപകരം അതിന്‌ പിന്തുണ നൽകുകയായിരുന്നു യുഡിഎഫ്‌. വാഗ്‌ദാനങ്ങൾ പാലിക്കുമെന്ന സർക്കാരിന്റെയും എൽഡിഎഫിന്റെയും ദൃഢനിശ്‌ചയത്തിൽ കേരളം മുന്നേറി. കിഫ്‌ബിയിലൂടെ അടിസ്ഥാന സ‍ൗകര്യവികസനത്തിൽ വലിയ കുതിപ്പുണ്ടായി. അതിദാരിദ്ര്യനിർമാർജനം, അഞ്ചുലക്ഷം വീടുകൾ, കെ ഫോൺ, വിഴിഞ്ഞം തുറമുഖം തുടങ്ങി സർക്കാരിന്റെ വികസന നേട്ടങ്ങളേറെ. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ക്രമസമധാനം എന്നിവയിൽ രാജ്യത്ത്‌ ഒന്നാമതായും ക്ഷേമപദ്ധതികൾ വിപുലപ്പെടുത്തിയും സർക്കാർ വാക്കുപാലിച്ചു. മുണ്ടക്കൈ ദുരന്തനിവാരണം ലോകത്തിലെതന്നെ അപൂർവ ഇടപെടലായി. മികച്ച ധനമാനേജ്‌മെന്റിലൂടെ സാമ്പത്തികനില മെച്ചപ്പെടുത്തി. 900 വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും നടപ്പാക്കി. അഭിമാനകരമായ റിപ്പോർട്ട് കാർഡുമായാണ്‌ എൽഡിഎഫ്‌ വീണ്ടും ജനങ്ങളെ സമീപിക്കുന്നത്‌.


മിഷൻ ലക്ഷം, 
കൊച്ചിയിൽ ഗ്ലോബൽ സിറ്റി...

വ്യാവസായികമേഖലയിൽ കൈവരിച്ച മുന്നേറ്റം നിലനിർത്തി കുതിക്കുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. ഒരുലക്ഷം നാനോ മൈക്രോ സംരംഭങ്ങളെ ശരാശരി ഒരുകോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി ഉയർത്താനുള്ള മിഷൻ 1,00,000, പൊതുമേഖലയുടെ വിറ്റുവരവ്‌ പതിനായിരം കോടിയാക്കൽ, പ്രതിരോധ ക്ലസ്റ്ററും ബയോടെക് ആൻഡ്‌ ലൈഫ് സയൻസ് സിറ്റിയും, അഭ്യസ്തവിദ്യരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്‌പ തുടങ്ങി വ്യാവസായിക മേഖലയുടെ വിപുലീകരണത്തിന്‌ ശ്രദ്ധേയമായ പദ്ധതികളുണ്ട്‌. സംസ്ഥാന വരുമാനത്തിൽ മാനുഫാക്ച്ചറിങ്‌ വ്യവസായത്തിന്റെ വിഹിതം 16 ശതമാനമായി ഉയർത്തും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തിനുചുറ്റുമായുള്ള കോറിഡോറും കൊല്ലം -പുനലൂർ കോറിഡോർ, കൊച്ചിയുമായി ബന്ധപ്പെട്ട കോയമ്പത്തൂർ, മംഗളൂരു കോറിഡോർ, ചവറ - കൊച്ചി റെയർ എർത്ത് കോറിഡോർ എന്നിവ ആരംഭിക്കും. പ്രതിരോധ ക്ലസ്റ്റർ (തിരുവനന്തപുരം), ഗ്ലോബൽ സിറ്റി (കൊച്ചി), ബയോടെക് ആൻഡ്‌ ലൈഫ് സയൻസ് സിറ്റി (കോഴിക്കോട്, മലപ്പുറം), പവർ ഇലക്ട്രോണിക്സ്‌ മാനുഫാക്‌ചറിങ് ക്യാമ്പസ് (കണ്ണൂർ), മെഗാ ഭക്ഷ്യസംസ്കരണ പാർക്ക് (കൊല്ലം), മെഡിക്കൽ ബയോട്ടിക് ഹബ് (തിരുവനന്തപുരം), സൈബർ വാലി (കൊച്ചി), ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫിൻ തുടങ്ങിയ ഇന്നവേഷൻ ഹബ്ബുകൾ സ്ഥാപിക്കും. എല്ലാ ജില്ലകളിലും ചെറുകിട പാർക്കുകളും ജോബ് സെന്ററുകളും സ്ഥാപിക്കും. അഞ്ച് വർഷംകൊണ്ട് രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home