print edition ജനസമക്ഷം എൽഡിഎഫ് വികസനമുന്നേറ്റ ജാഥ

പി പി സതീഷ്‌കുമാർ
Published on Feb 02, 2026, 05:58 AM | 2 min read
കാസർകോട്: നവകേരളത്തിന്റെ മാറ്റത്തിനൊപ്പം കരുത്തോടെ നിലയുറപ്പിക്കുമെന്ന് വിളംബരംചെയ്‌ത് എൽഡിഎഫ് വികസനമുന്നേറ്റ ജാഥ ജനങ്ങളിലേക്ക്. കേരളം മാറിയതിന്റെ അനുഭവകഥകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കന്നഡഭാഷാ ന്യൂനപക്ഷപ്രദേശമായ കുമ്പളയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്‌ക്ക് തുടക്കമായത്. കേരളത്തെ നവകേരളമാക്കി പരിവർത്തനംചെയ്‌ത പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജാഥാ ലീഡർക്ക് വികസന കേരളത്തിന്റെ പ്രതീകാത്മക രൂപം കൈമാറിയാണ് യാത്രയ്‌ക്ക് തുടക്കംകുറിച്ചത്. വർഗീയവാദികൾ കൊലചെയ്‌ത ഭാസ്‌കര കുന്പളയുടെ ജന്മനാട്ടിൽ ഉദ്‌ഘാടന സമ്മേളനത്തിൽ ആയിരങ്ങൾ പങ്കാളിയായി.
പത്തുവർഷം മുന്പത്തെ കേരളത്തെയും വർത്തമാനകാല കേരളത്തെയും ഓരോ മേഖലയിലും താരതമ്യം ചെയ്‌താണ് മുഖ്യമന്ത്രി സംസാരിച്ചത്. യുഡിഎഫ് ഭരിച്ചിരുന്നുവെങ്കിൽ ദേശീയപാതാ വികസനത്തിന്റെ കഥയെന്താകുമെന്ന് ചോദിച്ചാണ് മുഖ്യമന്ത്രി ജനകീയ വിചാരണയ്‌ക്ക് തുടക്കമിട്ടത്. പരീക്ഷക്കാലത്ത് പാഠപുസ്‌തകത്തിന്റെ പേജുകളുടെ ഫോട്ടോസ്‌റ്റാറ്റ് നൽകിയ കാലത്തുനിന്ന് ഹൈടെക് വിദ്യാലയങ്ങളുടെയും സ്‌മാർട്ട് ക്ലാസ് മുറികളുടെയും കാലത്തേക്ക് പരിവർത്തനംചെയ്‌തത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. പ്രളയത്തിലും കോവിഡ് കാലത്തും യുഡിഎഫായിരുന്നു ഭരണത്തിലെങ്കിൽ കഥയെന്താകുമായിരുന്നുവെന്ന മൂർച്ചയുള്ള ചോദ്യവും തൊടുത്തു.
തമിഴ്‌നാടിനും കർണാടകത്തിനും ആന്ധ്രയ്‌ക്കും നൽകിയ അതിവേഗ റെയിലിന് കേരളത്തിന് എന്താണ് അയോഗ്യതയെന്ന ചോദ്യവും ഉന്നയിച്ചു. കേരളം ഒരുമിച്ചുനിന്ന് എതിർക്കേണ്ട വിവേചനങ്ങളിൽ കേന്ദ്രസർക്കാരിനൊപ്പം ചേർന്ന് നെറികെട്ട രാഷ്ട്രീയം കൈയാളുന്ന യുഡിഎഫിനെ തൊലിയുരിച്ചുകാട്ടി. അധികാരത്തിൽ തിരികെയെത്താൻ മതവികാരം ഇളക്കിവിടുന്നത് ആപത്താണ്. യുഡിഎഫിനെ അധികാരത്തിൽനിന്ന് പുറത്തുനിർത്തിയത് ജനങ്ങളാണെന്നും അതിന് കാരണമായത് അവരുടെ ചെയ്‌തികളാണെന്നും ഓർമപ്പെടുത്തിയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ആറുവരിയിൽ പണിപൂർത്തിയായ ദേശീയപാതയിലൂടെയാണ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ പര്യടനം ആരംഭിച്ചത്. കാസർകോട് മണ്ഡലത്തിലെ നുള്ളിപ്പാടിയിലാണ് ഒന്നാംദിനത്തിലെ പര്യടനം സമാപിച്ചത്. ഇവിടുത്തെ സ്വീകരണത്തിലും ആയിരങ്ങളെത്തി.
ഇന്ന് നാലിടത്ത് വരവേൽപ്പ്
കാസർകോട്: എൽഡിഎഫ് വടക്കൻ മേഖല വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി
തിങ്കൾ രാവിലെ 8.30ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ജാഥാ ലീഡർ എം വി ഗോവിന്ദനും ജാഥാംഗങ്ങളും ക്ഷണിക്കപ്പെട്ട സദസ്സുമായി ആശയവിനിമയം നടത്തും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ പത്തിന് ഉദുമ മണ്ഡലത്തിലെ പെരിയാട്ടടുക്കത്തും പകൽ മൂന്നിന് കാഞ്ഞങ്ങാട്ടെ കോട്ടച്ചേരിയിലും വൈകിട്ട് നാലിന് തൃക്കരിപ്പൂരിലെ കാലിക്കടവിലും സ്വീകരണം. തുടർന്ന്, കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. ജില്ലാ അതിർത്തിയിൽ എൽഡിഎഫ് നേതാക്കൾ ജാഥയെ വരവേൽക്കും. പയ്യന്നൂർ നഗരത്തിൽ വൈകിട്ട് അഞ്ചിനാണ് സമാപനം.










0 comments