എൻഡിഎ നേതാക്കളുമായി സതീശന്റെ രഹസ്യ ചർച്ച: കോൺഗ്രസ് നേതൃത്വം വിശദീകരിക്കണം- ടി പി രാമകൃഷ്ണൻ

ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: മംഗലാപുരത്ത് എൻഡിഎ നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയിൽ കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. മെയ് ഒന്നിന് രാവിലെ പ്രത്യേക വിമാനത്തിൽ സതീഷൻ മംഗലാപുരത്തേക്ക് പോയെന്നും, സ്വർണക്കവർച്ചയിൽ എസ്ഐടി ചോദ്യംചെയ്ത റെജികുമാർ എന്ന വ്യക്തി ഒപ്പം ഉണ്ടായിരുന്നുവെന്നുമാണ് വാർത്തകൾ വന്നത്. ഈ യാത്രയിൽ അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റിനെ സതീശൻ കാണുകയുണ്ടായി. കർണാടകയിലെ എൻഡിഎ നേതാവായ ബി എം ഫാറൂഖിന്റെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച നടത്തിത്. ഇത് സംബന്ധിച്ച് കർണാടക കോൺഗ്രസ് കമ്മിറ്റി എഐസിസി നേതൃത്വത്തിന് പരാതി നൽകിയെന്ന വാർത്തയും പുറത്തുവന്നു. വളരെ ഗുരുതരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നതെന്നും കെപിസിസി, എഐസിസി നേതൃത്വങ്ങൾ ഇതിൽ വിശദീകരണം നൽകണമെന്നും എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡിന്റെ തീരുമാനം വൈകുകയാണ്. ജനവിധി മാനിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറാകണം. എന്നാൽ, കേരളത്തിൽ സർക്കാർ രൂപീകരിച്ചില്ലെങ്കിലും സർക്കാരിന്റെ ഭാഗമായി നടക്കേണ്ട ഭരണനടപടികൾ തുടരുകയാണ്. സംഘടനാഭാരവാഹികൾ നൽകുന്ന ലിസ്റ്റിന് അനുസരിച്ച് സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. സർക്കാർ പോലും രൂപീകരിക്കുന്നതിന് മുൻപേ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള ഇത്തരം നടപടികൾ ജനാധിപത്യത്തിൽ ചേർന്നതല്ല.
ജനദ്രോഹ നടപടികൾക്കും യുഡിഎഫ് തുടക്കം കുറിച്ചുകഴിഞ്ഞു. 13 ഇന അവശ്യസാധനങ്ങൾക്ക് എൽഡിഎഫ് സർക്കാർ വിലവർധിപ്പിച്ചിരുന്നില്ല. പിന്നീട് ഒരിക്കൽ വിലകൂട്ടിയത് മന്ത്രിസഭായോഗം തീരുമാനിച്ചതുപ്രകാരമാണ്. എന്നാൽ, സപ്ലൈകോയുടെ അരിവില വർധിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. സാധാരണനിലയിൽ മന്ത്രിസഭായോഗമാണ് വിലയിൽ മാറ്റം വരുത്തേണ്ടത്. സപ്ലൈകോ ഡിപ്പോകളിലൂടെ വിതരണം ചെയ്യുന്ന അരിക്ക് രണ്ട് രൂപ വർധിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
പുതിയ സർക്കാരിന് വികസന, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും എൽഡിഎഫ് നൽകും. ന്യായമായ എല്ലാ പ്രശ്നങ്ങളിലും ആവശ്യമായ സഹായമുണ്ടാകുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.










0 comments