നിയമപരീക്ഷകൾ മലയാളത്തിൽ എഴുതാം

തിരുവനന്തപുരം
നിയമപരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള ശുപാർശ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി അംഗീകരിച്ചു. മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
വ്യാവസായിക അക്കാദമിക സഹകരണം സംബന്ധിച്ച് മാർഗനിർദേശങ്ങളും കർമപദ്ധതികളും തയ്യാറാക്കാൻ പ്രൊഫ. സാബുതോമസ്, ഡോ. ജിജു പി അലക്സ്, ഡോ. എം എസ് രാജശ്രീ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു. അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവന്ന ചർച്ചകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ തുടർ പ്രവർത്തനങ്ങൾക്കായുള്ള കർമപദ്ധതിയും അംഗീകരിച്ചു.
കേരളത്തിലെ മറ്റ് സർവകലാശാലകൾ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ബിരുദങ്ങൾക്ക് തുല്യതയും അംഗീകാരവും നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണം. കണ്ണൂർ, കാലടി, മലയാളം, കലിക്കറ്റ് സർവകലാശാലകളിലേതുപോലെ മറ്റ് സർവകലാശാലകളും കെ -റീപ് സോഫ്‌റ്റ്‌വെയറിലേക്ക് മാറണം. പരിഷ്‌കരിച്ച പിജി- ബിവോക് കരിക്കുലം റിപ്പോർട്ടുകൾ അംഗീകരിച്ചു. നാലു വർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് കെൽട്രോണുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും രൂപം നൽകുന്ന ഇന്റേൺഷിപ് പോർട്ടൽ ആഗസ്‌തോടെ പ്രവർത്തനക്ഷമമാക്കും. സർവകലാശാലകളിലും കോളേജുകളിലും സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.









0 comments