തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിനും നേമത്തിനും ഇടയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കനത്ത മഴയുണ്ടായിരുന്നു. ഇതിനെ തുടർന്ന് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നിലവിൽ ട്രാക്കിലെ മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ജൂൺ 3 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
തിരുവനനപുരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.










0 comments