തൊഴിലാളിപീഡനം ; സ്ഥാപനത്തിൽ പരിശോധന ; തൊഴിലാളികളുടെ രേഖകളില്ല

കൊച്ചി : തൊഴിലാളിപീഡനത്തെ തുടർന്ന് എറണാകുളം പാലാരിവട്ടം ജനതാ റോഡിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സിൽ തൊഴിൽവകുപ്പ് നടത്തിയ പരിശോധനയിൽ തൊഴിലാളികളെ സംബന്ധിച്ച രേഖകൾ കണ്ടെത്താനായില്ല. ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ തൊഴിലാളികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) പി ജി വിനോദ്‌കുമാറിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ പരിശോധന നടത്തിയത്. സ്ഥാപന ഉടമ ജോയ് ജോസഫ്, 11 ജീവനക്കാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഹാജർബുക്ക്, പേ സ്ലിപ്പ്, രജിസ്‌റ്ററുകൾ തുടങ്ങിയവയൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. മുഴുവൻ രേഖകളുമായി വെള്ളിയാഴ്‌ച ജില്ലാ ലേബർ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
ടാർഗറ്റ് കൈവരിക്കാത്തതിന്റെ പേരിൽ പെരുമ്പാവൂർ അറയ്‌ക്കപ്പടി ‘കെൽട്രോ’ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പീഡനത്തിന് ഇരയായത്. ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സിന്റെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഫ്രാഞ്ചൈസിയാണിത്. കെൽട്രോയുമായി ബന്ധമില്ലെന്നും ആവശ്യപ്പെടുന്ന ഏതൊരു സ്ഥാപനത്തിനും ഉൽപ്പന്നം വിതരണം ചെയ്യുകമാത്രമാണ് ചെയ്‌തതെന്നും ഉദ്യോഗസ്ഥരോട് പവർ ലിങ്ക്‌സ് ഉടമ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പവർ ലിങ്ക്‌സിന്റെ ഏജൻസികളുടെ വിവരങ്ങൾ ശേഖരിക്കും. പീഡനം സംബന്ധിച്ച് പരാതിയുള്ളവർ വിവരം അറിയിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) പറഞ്ഞു.
മനാഫിനെതിരെ കേസെടുത്തു
പെരുമ്പാവൂർ അറയ്ക്കപ്പടിയിലെ കെൽട്രോ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിലാളികളെ കഴുത്തിൽ ബെൽറ്റിട്ട് മുട്ടിൽ നടത്തിച്ച സംഭവത്തിൽ മുൻ മാനേജർ വടകര പറക്കണ്ടി വീട്ടിൽ മനാഫിനെതിരെ കേസെടുത്തു.
സംഭവത്തിൽ രണ്ടു തൊഴിലാളികൾ നൽകിയ മൊഴിയിൽ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഐടി നിയമപരിധിയിൽവരുന്ന, പുരുഷൻ മറ്റൊരു പുരുഷനെതിരെ നൽകിയ പരാതിയായതിനാൽ കോടതിയുടെ അനുമതിയോടെ മാത്രമേ കേസെടുക്കാകൂവെന്ന് പൊലീസ് പറഞ്ഞിരുന്നു. നിയമോപദേശത്തിനു പിന്നാലെയാണ് കേസെടുത്തത്. മനാഫ് ബെൽറ്റിട്ട് മുട്ടുകുത്തി നടത്തിച്ച് വീഡിയോ ചിത്രീകരിച്ചെന്ന മൊഴിയിലാണ് പൊലീസ് നടപടി. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിൽ മനാഫിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.










0 comments