ഇന്ത്യക്കാർക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് ഇന്ത്യയിലെ കിർഗിസ്ഥാൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ കിർഗിസ്ഥാൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ. ആഗോള ടെക്നോളജി സൊല്യൂഷൻസ് സ്ഥാപനമായ ബ്ലൂക്ലൗഡ് ഇകോമിന്റെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതും പരിഗണനയിലാണ്. കേരളം, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവ ഉൾപ്പെടെ 11 കേന്ദ്രങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. നിലവിൽ 65 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ കിർഗിസ്ഥാൻ സന്ദർശിക്കാൻ അനുമതിയുണ്ട്. സമ്മിറ്റ് വേദിയിൽവച്ച് രാജ്യത്തെ പ്രമുഖ ഹോട്ടൽ ശൃംഖലയായ താജ് ഗ്രൂപ്പിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും അധികം വൈകാതെ കിർഗിസ്ഥാനിൽ താജ് ഹോട്ടൽ പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു.
ചടങ്ങിൽ കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിന്റെ ലൈഫ് ടൈം പുരസ്കാരം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാൻ പോൾ തോമസ്, വർഗീസ് മൂലൻ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് മൂലൻ എന്നിവർക്ക് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ സമ്മാനിച്ചു. കൂടാതെ, എക്സലൻസ് പുരസ്കാരം ഹരിത ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ ഡോ. കെ.എസ്. കൊച്ചുമോൻ, നോർഡൻ സി.ഇ.ഒ. വിജയകുമാർ, ഒലീവിയ ഗ്രാമീൺ ക്രെഡിറ്റ്സ് ചെയർമാൻ കൃഷ്ണകുമാർ കെ.ടി. എന്നിവർക്കും നൽകി. ഇന്ത്യയിലെ മ്യാൻമർ അംബാസഡർ യു ആയെ മിൻ ഹ്‌ത്വെ,മുൻ ദേശിയ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലഫ്.ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ, സംഘാടകരായ ബ്ലൂക്ലൗഡ് ഇകോം സ്ഥാപകൻ അലക്സ് ജോർജ്, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ജെ. രാജ്മോഹൻ പിള്ള, ഭാരത് എക്സിബിഷൻ എം.ഡി ശശിധരൻ എന്നിവർ പങ്കെടുത്തു. 11 രാജ്യങ്ങളിൽ നിന്നായി നയതന്ത്ര വിദഗ്ദ്ധർ ഉൾപ്പെടെ 1500-ൽ അധികം പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന സമ്മിറ്റ് ബുധനാഴ്ച സമാപിക്കും.








0 comments