കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവ്; ഹെർണിയ ശസ്‌ത്രക്രിയയ്‌ക്കിടെ വയോധിക മരിച്ചു

വി വി മാധവി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയ്ക്കിടെ വയോധിക മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ വി വി മാധവി (71)ആണ് മരിച്ചത്. മാധവിയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ പറഞ്ഞു. ഡോക്ടറുടെ നിർദേശപ്രകാരം തിങ്കൾ വൈകിട്ടാണ് ശസ്ത്രക്രിയ നടത്തുന്നതിനായി മാധവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വ രാവിലെ 7.50ന് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയി.
മാധവിക്കു പിന്നാലെ പ്രവേശിപ്പിച്ചവരെ ശസ്‌ത്രക്രിയ പൂർത്തിയാക്കി തിരികെ മാറ്റി മണിക്കൂറുകൾ കഴിഞ്ഞിട്ടും മാധവിയെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. ബന്ധുക്കൾ അന്വേഷിച്ചിട്ടും ജീവനക്കാർ കൃത്യമായ മറുപടി നൽകിയില്ല. പകൽ രണ്ടോടെ മാധവിയെ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് പുറത്തുകൊണ്ടുവന്നപ്പോൾ ശരീരം മരവിച്ച നിലയിലായിരുന്നു. എന്നാൽ തിടുക്കത്തിൽ ഐസിയുവിലേക്ക് കൊണ്ടുപോയെന്നും മരണവിവരം ഏറെനേരം മറച്ചുവെച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.
മകൾക്കും സഹോദരിയുടെ മകൾക്കുമൊപ്പമാണ് മാധവി ആശുപത്രിയിൽ എത്തിയത്. ഈ സമയം മാധവിക്ക് യാതൊരുവിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഭർത്താവ്: പരേതനായ കുമാരൻ. മറ്റുമക്കൾ: വിനോദ്, ചിത്ര.








0 comments