സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോഗം
കെവൈസി പുതുക്കിയില്ലെങ്കിൽ ബാങ്കിങ് സേവനം തടസ്സപ്പെടും ; നിക്ഷേപങ്ങൾക്ക് നോമിനി നിർബന്ധം

തിരുവനന്തപുരം
10 വർഷം പൂർത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) കൺവീനർ കെ എസ് പ്രദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 57 ലക്ഷം അക്കൗണ്ടുകൾ കെവൈസി കാലാവധി കഴിഞ്ഞവയായി കേരളത്തിലുള്ളതായാണ് കണക്ക്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരുമിത്. കെവൈസി പുതുക്കാത്തവരുടെ ബാങ്കിങ് സേവനങ്ങൾ മുടങ്ങിയിട്ടുണ്ടാവും.
2014–-15 കാലയളവിൽ വിവിധ സബ്സിഡികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി സീറോ ബാലൻസ് സ്വഭാവത്തിൽ എടുത്ത പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളാണ് കെവൈസി പുതുക്കലിൽ പിന്നിൽ. 57 ലക്ഷം അക്കൗണ്ടുകളിൽ 90 ശതമാനവും ഈ ഇനത്തിലുള്ളവയാണ്. നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡിയായി എത്തുന്ന തുകയടക്കം പിൻവലിക്കാനാവില്ല. ചെക്കുകൾ മടങ്ങുന്നതിനും ഇടയാകും.
ബാങ്കിൽ എത്തി ഫോട്ടോ, ആധാർ, പാൻ കാർഡ് എന്നിവ നൽകിയാണ് കെവൈസി പുതുക്കേണ്ടത്. അക്കൗണ്ടുടമകളെ ബോധവൽകരിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത നാലു ശതമാനത്തോളംപേർ ഇപ്പോഴുമുണ്ട്. നോമിനിയുടെ പേരില്ലെങ്കിൽ നിക്ഷേപകൻ മരിച്ചാൽ പണം തിരിച്ചുനൽകുന്നത് ബുദ്ധിമുട്ടാകും. ഇത്തരം തുക 10 വർഷത്തിനുശേഷം റിസർവ് ബാങ്കിന് കൈമാറും. രാജ്യത്ത് അവകാശികളില്ലാതെ 67,000 കോടി രൂപ നിക്ഷേപമായി ഉണ്ടെന്നാണ് കണക്കെന്നും അദ്ദേഹം പറഞ്ഞു.
വാടക അക്കൗണ്ടിലൂടെ തട്ടിപ്പ് : ജാഗ്രത വേണം
വിദ്യാർഥികളെയും യുവാക്കളെയും ഉപയോഗിച്ച് വാടക അക്കൗണ്ട് എടുത്ത് തട്ടിപ്പുനടത്തുന്നവരുടെ എണ്ണം വർധിക്കുന്നതായി റിസർവ് ബാങ്ക്. ഇത്തരം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്ട്‌സ്‌പോട്ടായി കേരളം മാറുന്നതായാണ് ലഭിക്കുന്ന വിവരമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ കെ എസ് പ്രദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അയ്യായിരമോ പതിനായിരമോ രൂപ നൽകി ബാങ്കിലേക്ക് അക്കൗണ്ട് എടുപ്പിക്കാൻ അയക്കും. തട്ടിപ്പു നടത്താൻ ഉദ്ദേശിക്കുന്നയാൾ ബാങ്കിലേക്ക് പോകില്ല. അക്കൗണ്ടിൽ ചേർക്കുന്ന ഫോൺ നമ്പർ തട്ടിപ്പുകാരുടേതാകും. പാസ്‌ബുക്കും മറ്റു രേഖകളുമെല്ലാം അവർ വാങ്ങിവയ്‌ക്കും. ഇൗ അക്കൗണ്ട് വഴി തുക വന്നുപോകുന്നതൊന്നും അക്കൗണ്ട് ഉള്ളയാൾ അറിയില്ല. പിന്നീട് ആദായനികുതി വകുപ്പും സിബിഐയും അന്വേഷിക്കുമ്പോഴാണ് അക്കൗണ്ട് ഉടമ സംഭവമറിയുക. 18മുതൽ 25 വയസ്സുവരെയുള്ളവരെയാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. രക്ഷിതാക്കളോ അധ്യാപകരോ അറിയാതെയാകും ഇതിന് മുതിരുന്നത്. സ്കൂളുകളിലും കോളേജുകളിലും ഇതുസംബന്ധിച്ച് ബോധവൽക്കരണം നടത്തുകയാണെന്ന് കെ എസ് പ്രദീപ് പറഞ്ഞു.










0 comments