125–ാം ജന്മവാർഷികം ഇന്ന്
തലമുറകളിലേക്ക് അനുസ്യൂതമൊഴുകുന്ന കുറ്റിപ്പുഴ

കൊച്ചി
കുറ്റിപ്പുഴ കൃഷ്‌ണപിള്ളയെക്കുറിച്ച് നിരൂപകൻ എം പി അപ്പൻ എഴുതിയ കുറിപ്പിന്റെ തലക്കെട്ട് ‘ഒറ്റയാന്റെ ഇതിഹാസം’ എന്നാണ്. ആലുവ യുസി കോളേജിൽ അധ്യാപകനായി എത്തിയപ്പോഴാണ്, മലയാളവിഭാഗത്തിൽനിന്ന് വിരമിച്ചശേഷവും ഇടയ്‌ക്കിടെ വന്നുപോയിരുന്ന കുറ്റിപ്പുഴയെ അപ്പൻ പരിചയപ്പെട്ടത്. ഉന്നതമായ വിപ്ലവബോധവും അചഞ്ചലമായ യുക്തിചിന്തയും തിളക്കമേറ്റിയ കുറ്റിപ്പുഴയുടെ ക്ഷോഭിക്കുന്ന കണ്ണുകളാണ് തന്നെ ആകർഷിച്ചതെന്ന് അപ്പൻ എഴുതി. പുരോഗമനസാഹിത്യത്തിലൂടെയും യുക്തിവാദചിന്തകളിലൂടെയും കുറ്റിപ്പുഴ പങ്കുവച്ച കാഴ്‌ചപ്പാടുകൾ ഇന്നും കാലത്തോട് സംവദിക്കുന്നു. ഇതിഹാസതുല്യം തലമുറകളിലേക്ക് ഒഴുകിപ്പരക്കുന്ന കുറ്റിപ്പുഴയുടെ 125–-ാം ജന്മവാർഷികമാണ് വെള്ളിയാഴ്‌ച.
ആലുവ അദ്വൈതാശ്രമവും ശ്രീനാരായണ ഗുരുവുമായുണ്ടായിരുന്ന അടുപ്പവുമാണ് കുറ്റിപ്പുഴയിലെ യുക്തിചിന്തകനെ രൂപപ്പെടുത്തിയത്. പറവൂർ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരിയുടെയും കുറുങ്ങാട്ട് ദേവകി അമ്മയുടെയും മകനായി 1900 ആഗസ്‌ത് ഒന്നിനാണ് ജനനം. ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിൽ പഠനം കഴിഞ്ഞ് 1921ൽ അദ്വൈതാശ്രമം സംസ്‌കൃത പാഠശാലയിൽ ഇംഗ്ലീഷ് അധ്യാപകനായി. ആശ്രമത്തിലെ പന്തിഭോജനത്തിൽ ആദ്യമായി പങ്കെടുത്ത അനുഭവം കുറ്റിപ്പുഴ പിന്നീട് വിവേകോദയത്തിൽ എഴുതി. യാഥാസ്ഥിതിക കുടുംബാംഗമായ കുറ്റിപ്പുഴ, ജാതിചിന്തയുടെ അലട്ടലോടെയാണ് ഗുരുവിനൊപ്പം ഉണ്ണാനിരുന്നത്. ബ്രാഹ്മണരൊഴികെ എല്ലാ ജാതിക്കാരുമുണ്ട്. ഭക്ഷണം വിളമ്പുമ്പോൾ ഗുരു, കുറ്റിപ്പുഴയെ നോക്കി ‘പോയോ’ എന്ന് ചോദിച്ചു. കാര്യം പിടികിട്ടാതെ മിഴിച്ചപ്പോൾ ‘എല്ലാം പോയോ’ എന്ന് ഗുരു ആവർത്തിച്ചു. ജാതിസംബന്ധമായ ശങ്കയും വൈമനസ്യവും ഇല്ലാതായി എന്നർഥത്തിൽത്തന്നെ ‘എല്ലാം പോയി സ്വാമി’ എന്ന് കുറ്റിപ്പുഴ മറുപടി പറഞ്ഞു. അന്ന് താൻ ആദ്യമായി മനുഷ്യജാതിയെ കണ്ടെത്തിയെന്ന് കുറ്റിപ്പുഴ പിന്നീട് ഗുരുവിനെ സ്‌മരിച്ച് എഴുതി.
1924ലെ സർവമതസമ്മേളന കാലത്തെല്ലാം കുറ്റിപ്പുഴ അദ്വൈതാശ്രമത്തിലുണ്ട്. കാവി ധരിക്കാതെ ഖദർ ജുബ്ബയും മുണ്ടുമിട്ട ഗുരുശിഷ്യനായി. 1928ലാണ് യുസി കോളേജിൽ അധ്യാപകനായത്. നിരൂപണസാഹിത്യത്തിന് കനപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം, എം സി ജോസഫുമായി ചേർന്ന് യുക്തിവാദി പ്രസ്ഥാനത്തിലും സജീവമായി. 1971 ഫെബ്രുവരി 11നാണ് അന്ത്യം. അവിവാഹിതനായിരുന്നു. ജന്മനാട്ടിൽ കുറ്റിപ്പുഴയ്ക്ക് രണ്ട് സ്മാരകങ്ങളുണ്ട്. ആലുവ നഗരസഭാ ലൈബ്രറിയും കുറ്റിപ്പുഴ സ്‌മാരകമാണ്.









0 comments