ad
Deshabhimani

ഓൾഡല്ല ഈ ‘ഗോൾഡ്‌ ഫിഷ്‌’ ; എഴുപത്താറുകാരൻ നേടിയത്‌ അഞ്ച് സ്വർണമെഡൽ

kurian jacob swimming
avatar
വിവേക് വേണു​ഗോപാലന്‍

Published on Apr 11, 2025, 12:36 AM | 1 min read


കൊച്ചി : പ്രായം കൂടുന്തോറും നീന്തൽക്കുളത്തിൽനിന്ന്‌ കൂടുതൽ പൊന്ന്‌ വാരുകയാണ്‌ ഈ ‘ഗോൾഡ്‌ ഫിഷ്‌’. ഏറ്റവും ഒടുവിൽ ചണ്ഡീഗഢിലെ ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഈ എഴുപത്താറുകാരൻ നേടിയത്‌ അഞ്ച് സ്വർണമെഡൽ. വ്യക്തിഗത ചാമ്പ്യനുമായി. തേവരയില്‍ താമസിക്കുന്ന കുര്യൻ ജേക്കബ്ബാണ്‌ പ്രായം വെറും അക്കമെന്ന്‌ തെളിയിച്ച്‌ നീന്തലിൽ പൊന്ന്‌ വാരിയത്‌.


ഇദ്ദേഹത്തിന്റെകൂടി പ്രകടനങ്ങളുടെ കരുത്തിലാണ്‌ 30 പേരടങ്ങിയ കേരളം മീറ്റിൽ രണ്ടാംസ്ഥാനം നേടിയത്‌. മെയ് 18 മുതൽ 26 വരെ തയ്‌വാനിൽ നടക്കുന്ന ലോക സമ്മർ മാസ്റ്റേഴ്സ് ​ഗെയിംസിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുര്യൻ. ഈരാറ്റുപേട്ട തിടനാട് സ്വദേശിയായ വെള്ളുകുന്നേല്‍ കുര്യന്റെ ആദ്യ നീന്തല്‍ക്കളരി മീനച്ചിലാറായിരുന്നു.

ഔദ്യോ​ഗികജീവിതം ആരംഭിച്ചപ്പോഴും നീന്തല്‍ കൈവിട്ടില്ല. ഫെഡറൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്, ​ഗൾഫ് ബാങ്ക് ഓഫ് കുവൈത്ത് എന്നിവിടങ്ങിളിലെ ജോലിക്കുശേഷം 2017ൽ വിരമിച്ചു. പിന്നീട്‌ ആഗ്രഹിച്ചപോലെ നീന്തൽമത്സരത്തിലേക്ക്‌.


പാലാ സെന്റ് തോമസ് കോളേജിലെ സുഹൃത്തുക്കൾക്കൊപ്പം 2019ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് സ്വിമ്മിങ് മീറ്റിൽ ആദ്യമായി പങ്കെടുത്തു. ഒരു സ്വർണമെഡലും നേടി. അതോടെ ആത്മവിശ്വാസമേറി. യൂട്യൂബ് വീഡിയോകൾ നോക്കി തന്ത്രങ്ങൾ പഠിച്ചു, മെനഞ്ഞു.


2023ൽ ഫിൻലൻഡിൽ നടന്ന യൂറോപ്യൻ മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധാനംചെയ്‌ത്‌ മൂന്ന്‌ വെള്ളിയും രണ്ട് വെങ്കലവും നേടി. 2024 മേയിൽ ഹൈദരാബാദിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ 50, 100, 200, 400 മീറ്റർ ഫ്രീസ്റ്റൈൽ, ബ്രെസ്റ്റ് സ്ട്രോക്ക് ഇനങ്ങളിൽ സ്വർണം നേടി വ്യക്തിഗത ചാമ്പ്യനുമായി. 2024 ജൂലൈയിൽ യുഎസ്എയിലെ ക്ലിവ്‌ലാൻഡിൽ പാൻഅമേരിക്കൻ മത്സരത്തിൽ രണ്ട് ​സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവും നേടി.


‘‘പ്രായമായെന്നു കരുതാതെ ചുറുചുറുക്കോടെ ഇരിക്കാനാണ് ശ്രമിക്കേണ്ടത്. അപ്പോൾ നമ്മൾ കൂടുതൽ ചെറുപ്പമാകും. സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ നിരവധിപേര്‍ക്ക് ഇത്തരം മീറ്റുകളില്‍ പങ്കെടുക്കാനാകുന്നില്ല. അവരെ സര്‍ക്കാരും സ്ഥാപനങ്ങളും പിന്തുണയ്‌ക്കണം’’–- കുര്യൻ പറഞ്ഞു. ഭാര്യ: സുലു (റിട്ട. അധ്യാപിക). മക്കൾ: അനു, നിഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home