print edition കരുതലിന്റെ കാവലിന് 13 വയസ്സ്

തിരുവനന്തപുരം: അതിക്രമങ്ങൾക്ക് ഇരയായ സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രതീക്ഷയുടെ വാതിലായ കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് 13–ാം വർഷത്തിലേക്ക്. അടിയന്തര സുരക്ഷയ്ക്കൊപ്പം നിയമ, വൈദ്യ, മാനസിക, സാമൂഹിക പിന്തുണ ഉറപ്പാക്കി ഇതുവരെ 71,749 കേസുകളിലാണ് സ്നേഹിത കൈത്താങ്ങായത്. 14,210 പേർക്ക് താൽക്കാലിക അഭയവും നൽകി. 14 ജില്ലകളിലും അട്ടപ്പാടിയിലുമായി പ്രവർത്തിക്കുന്ന 15 സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കുകൾ വഴി 24 മണിക്കൂറും സൗജന്യ സേവനം നൽകിവരുന്നുണ്ട്.
2013 ആഗസ്‌ത് 23ന് എറണാകുളത്താണ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 7825 കേസുകൾ സ്നേഹിതയിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 1516 എണ്ണം ഗാർഹിക പീഡന കേസുകളാണ്.
മലപ്പുറത്താണ് കൂടുതൽ ഗാർഹിക പീഡന കേസുകൾ–429. കുറവ് കാസർകോട്ട്–ആറ്. 209 പോക്സോ കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തു.
സ്നേഹിത വഴിയുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2025 മാർച്ചിൽ സംസ്ഥാനത്തെ 84 ഡിവൈഎസ്‌പി, എസിപി ഓഫീസുകളിൽ സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്ററുകളും പ്രവർത്തനം ആരംഭിച്ചു. അതിക്രമങ്ങളെ അതിജീവിച്ചവർക്ക് അടിയന്തര സുരക്ഷയ്ക്കൊപ്പം കൗൺസലിങ്, നിയമസഹായം, വൈദ്യസഹായം, ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് മടങ്ങാനുള്ള പിന്തുണ എന്നിവയും സ്നേഹിത ഉറപ്പാക്കുന്നു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായി സഹകരിച്ച് നിയമവിദഗ്ധരുടെ സേവനവും, ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് നാമമാത്ര തുകയിൽ സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യവും സ്നേഹിത കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ടോൾഫ്രീ നമ്പർ 155055 വഴിയും സേവനം ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേഗത്തിൽ സുരക്ഷയും ആവശ്യമായ പിന്തുണയും ലഭ്യമാക്കുന്നതിനാണ് സംവിധാനങ്ങൾ.










0 comments