പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്ക് സംരംഭകത്വ വികസനം: ഉപജീവന സംരംഭങ്ങളുമായി കുടുംബശ്രീ

തിരുവനന്തപുരം: വനിതകളുടെ സംരംഭകത്വ വികസനവും മെച്ചപ്പെട്ട ഉപജീവനമാർഗങ്ങളും ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന കെ-ടിക് പദ്ധതിയിലൂടെ സംരംഭ രൂപീകരണം ഊർജിതമാകുന്നു. പദ്ധതിയുടെ ഭാഗമായി ഇതുവരെ 194 സംരംഭങ്ങളാണ് ആരംഭിച്ചത്. സേവന മേഖലയിൽ 97, ഉൽപാദന മേഖലയിൽ 71, നിർമാണ മേഖലയിൽ 26 എന്നിങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം.
പെറ്റ് ഷോപ്പുകൾ, ചെറുധാന്യങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, കൂൺ ഉൽപന്നങ്ങൾ, ബേക്കറി യൂണിറ്റുകൾ, കോഫി ഷോപ്പുകൾ, ബാഗ് നിർമാണം, മത്സ്യക്കൃഷി, തേനീച്ച വളർത്തൽ, ആട്-പശു വളർത്തൽ തുടങ്ങിയ മേഖലകളിലാണ് സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. കുട, പെർഫ്യൂം, ആഭരണങ്ങൾ എന്നിവയുടെ നിർമാണം, ഫാഷൻ ഡിസൈനിങ്, എംബ്രോയ്ഡറി, അലങ്കാര മത്സ്യക്കൃഷി, നേന്ത്രവാഴ-കുരുമുളക് കൃഷി തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.
സംരംഭകരുടെ ഉൽപന്നങ്ങളുടെ വിപണനവും സജീവമായി നടക്കുന്നുണ്ട്. എല്ലാ സംരംഭകർക്കും മികച്ച വരുമാനം ഉറപ്പാക്കാൻ കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 500 പേരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്. ഇവർക്ക് വിവിധ ഉപജീവന സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പരിശീലനവും കുടുംബശ്രീ നൽകി.
ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയ ഇരുന്നൂറോളം പേർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ ലഭ്യമാക്കി. ഇവരാണ് നിലവിൽ കാർഷികം, മൃഗസംരക്ഷണം, പരമ്പരാഗത തൊഴിൽ മേഖലകൾ എന്നിവയിൽ സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്.
മറ്റു ഗുണഭോക്താക്കൾക്കുള്ള തൊഴിൽ പരിശീലനം വിവിധ ജില്ലകളിൽ പുരോഗമിക്കുകയാണ്. ഇതിനൊപ്പം കർഷക സംഘങ്ങളുടെ രൂപീകരണവും ഊർജിതമാക്കിയിട്ടുണ്ട്.









0 comments