അവധിക്കാലം ആഘോഷമാക്കി ആനവണ്ടി യാത്ര


സ്വാതി സുജാത
Published on May 11, 2025, 08:57 AM | 2 min read
തിരുവനന്തപുരം:
അവധിക്കാലത്ത് നമ്മുടെ സ്വന്തം ‘ആനവണ്ടി’യുടെ ബജറ്റ് ടൂറിസത്തിന് പ്രിയമേറുകയാണ്. രണ്ടുമാസംകൊണ്ട് കെഎസ്‌ആർടിസി നേടിയത് 7,10,07,811 രൂപ. ഏപ്രിലിലെ മാത്രം വരുമാനം 45,430,017 രൂപയാണ്. സംസ്ഥാനത്തെ 93 ഡിപ്പോകളിൽനിന്നുള്ള 1072 ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം.
കഴിഞ്ഞ വർഷം ഏപ്രിലിൽ വരുമാനം 1,674,391 രൂപയായിരുന്നു. ഏപ്രിലിൽ 75 ട്രിപ്പുകളിലൂടെ മൂന്നാർ ഡിപ്പോ 3,062,200 രൂപയുണ്ടാക്കി. മാർച്ചിൽ ഒമ്പത് ട്രിപ്പുകളിലൂടെ 25,13,539 രൂപയാണ് കൽപ്പറ്റ ഡിപ്പോയുടേത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ 413 ട്രിപ്പുകളിലൂടെ 26,151 പേർ യാത്ര ചെയ്തപ്പോൾ ഈ വർഷം 62971 പേരാണ് വിനോദയാത്രയ്ക്കായി കെഎസ്‌ആർടിസിയെ തെരഞ്ഞെടുത്തത്.
പൊതുജനങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കുറഞ്ഞ നിരക്കിൽ യാത്രചെയ്യാനാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്.
93 ഡിപ്പോകൾക്കും യാത്രയ്‌ക്ക് അനുവാദം നൽകിയിട്ടുണ്ടെങ്കിലും 89 ഡിപ്പോകളാണ് ഏപ്രിലിൽ വരുമാനമുണ്ടാക്കിയത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ചരിത്രസ്ഥലങ്ങൾ, സ്മാരകങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നു.
ആകർഷകമായ
പാക്കേജുകൾ
നിലവിൽ ഏറ്റവും കൂടുതൽ യാത്ര മൂന്നാറിലേക്കാണ്, തൊട്ടുപിന്നാലെ ഗവിയിലേക്കും. എല്ലാ കെഎസ്‌ആർടിസി ഡിപ്പോകളിൽനിന്നും മലക്കപ്പാറയിലേക്ക് സർവീസുണ്ട്.
അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽക്കുത്ത് അണക്കെട്ട്, ആനക്കയം പാലം, ഷോളയാർ അണക്കെട്ട്, തേയിലത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ വ്യൂ പോയിന്റുകളുള്ള വനമേഖലയിലൂടെയുള്ള യാത്രയാണ് പാക്കേജിന്റെ പ്രത്യേകത.
മൂന്നാറിലെ പ്രധാന ആകർഷണം റോയൽ വ്യൂ ഡബിൾ ഡെക്കർ ബസാണ്. ഗവിയിലേക്കുള്ള യാത്രയ്‌ക്കൊപ്പം കല്ലാർ നദിക്ക് കുറുകെയുള്ള കുട്ടവഞ്ചി സവാരിക്ക് പേരുകേട്ട അടവിയിലേക്കുള്ള യാത്രയും പരുന്തുംപാറയിലേക്കുള്ള ട്രക്കിങ്ങും ഉൾപ്പെടുന്നു.
ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി (കെഎസ്‌ഐഎൻസി) ചേർന്ന് കൊച്ചിയിലെ അവരുടെ ആഡംബര കപ്പലായ നെഫെർറ്റിറ്റിയിലേക്ക് ടൂർ ഉണ്ട്. സംഗീതം, ഭക്ഷണം, കളികൾ തുടങ്ങിയവ ആസ്വദിച്ച് മൂന്ന് ഡെക്കർ കപ്പലിൽ അറബിക്കടലിലൂടെയുള്ള യാത്ര വൻ ഹിറ്റാണ്.
കൊച്ചിയിലെ മറ്റ് കെഎസ്‌ഐഎൻസി കപ്പലുകളായ സാഗരറാണി, സൂര്യാംശു എന്നിവയിലുള്ള യാത്രയ്‌ക്കും പാക്കേജുണ്ട്. കോട്ടയത്തെ കടുത്തുരുത്തിയിലുള്ള കാർഷിക തീം പാർക്കായ മാംഗോ മെഡോസും എല്ലാ ഡിപ്പോകളുടെയും പട്ടികയിലുണ്ട്.
തീർഥാടകർക്കും
ശുഭയാത്ര
കേരളത്തിലെ എല്ലാ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്കും ബസുകളുണ്ട്. എറണാകുളത്തെ തിരുവൈരാണിക്കുളത്തേക്കുള്ള സീസണൽ പാക്കേജുകൾ, കോട്ടയം, തൃശൂർ ജില്ലകളിലെ
നാലമ്പല യാത്ര, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ വർഷത്തെ തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാലയിൽ കേരളത്തിലുടനീളം 103 യാത്ര സംഘടിപ്പിച്ചു. ക്ഷേത്രങ്ങളും ടൂർ പാക്കേജുകൾക്കായി കെഎസ്ആർടിസിയെ സമീപിക്കുന്നുണ്ട്.
ട്രക്കിങ്ങും
കാഴ്‌ചകളും
ചൂട് കൂടുതലായതിനാൽ തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളാണ് ഷെഡ്യൂൾ ചെയ്യുന്നത്. വയനാട്ടിലെ ചിങ്ങേരി കുന്നുകളിലെ രാത്രി ട്രക്കിങ് ആകർഷണീയ പാക്കേജാണ്. ബത്തേരി, കൽപ്പറ്റ ഡിപ്പോകളിൽനിന്നാണ് യാത്ര. മാനന്തവാടി, ബത്തേരി ഡിപ്പോകളിൽനിന്ന് വയനാട്ടിലേക്ക് രാത്രി ജംഗിൾ സഫാരി ഉണ്ട്. മൂന്നാറിനെപ്പോലെ, ബത്തേരി ഡിപ്പോയിലും സ്റ്റേ -ഇൻ സ്ലീപ്പർ ബസ് സൗകര്യമുണ്ട്. അഞ്ച് ബസുകളിലായി 61 കിടക്ക ക്രമീകരിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്ക് തോട്ടങ്ങൾ, തേക്ക് മ്യൂസിയം, കക്കാടംപൊയിൽ വെള്ളച്ചാട്ടം എന്നിവയുള്ള കൊണോലി പ്ലോട്ടിനെ ഉൾക്കൊള്ളുന്ന നിലമ്പൂർ സർക്യൂട്ട് ഈ മേഖലയിലെ ജനപ്രിയ പാക്കേജാണ്.










0 comments