സ്ത്രീകളുടെ ശുചിമുറിയിൽ അതിക്രമിച്ചു കയറി; തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് മർദനം

മംഗലപുരം: സ്ത്രീകളുടെ ശുചിമുറിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ പെരുങ്ങുഴി സ്വദേശി ബൈജു കുമാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച പകൽ ഒരു മണിയോടെ കണിയാപുരം കെഎസ്ആർടിസി ബസ് സ്റ്റേഷനിലാണ് സംഭവം.
ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ ശുചിമുറിയിലേക്ക് ഒരാൾ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് കണ്ട് ബൈജു കുമാർ തടയുകയായിരുന്നു. ഇതിനെത്തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയും പ്രതി ബൈജു കുമാറിനെ ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ബൈജു കുമാർ മംഗലപുരം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments