പദ്ധതിക്കായി ജീവനക്കാർ പ്രീമിയം നൽകേണ്ട , പൂർണ അംഗവൈകല്യം സംഭവിച്ചാലും ഒരുകോടി
കെഎസ്‌ആർടിസിയിൽ ഇൻഷുറൻസ് ഇന്നുമുതൽ ; ജീവനക്കാർക്ക് ഒരുകോടി നഷ്ടപരിഹാരം

തിരുവനന്തപുരം
എസ്‌ബിഐയുമായി ചേർന്ന് ജീവനക്കാർക്കായി കെഎസ്‌ആർടിസി നടപ്പാക്കുന്ന ഇൻഷുറൻസ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അപകടത്തിൽ മരിച്ചാൽ ഒരുകോടി രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടം ഡ്യൂട്ടിക്കിടയിലല്ലെങ്കിലും ആനുകൂല്യം ലഭിക്കും. പൂർണ അംഗവൈകല്യം സംഭവിച്ചാലും ഒരുകോടി ലഭിക്കും. അമ്പതിനായിരത്തിന് മുകളിൽ ശമ്പളം വാങ്ങുന്നവർ വിമാന അപകടത്തിൽ മരിച്ചാൽ 1.6 കോടി രൂപ നൽകും. കെഎസ്‌ആർടിസി നൽകുന്ന അപകട ആനുകൂല്യങ്ങൾക്ക് പുറമേയാണിത്. 22,000ലേറെ സ്ഥിരംജീവനക്കാർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടാകും. പദ്ധതിക്കായി ജീവനക്കാർ പ്രീമിയം നൽകേണ്ടതില്ല.
ഭാഗികമായ വൈകല്യം സംഭവിച്ചാൽ 80 ലക്ഷം നൽകും. ഗ്രൂപ്പ് ടേം ലൈഫ് ഇൻഷുറൻസ് പ്രകാരം 25,000 രൂപയ്‌ക്ക് മുകളിൽ ശമ്പളം വാങ്ങിക്കുന്നവർക്ക് ആറുലക്ഷവും അപകടത്തിൽ മരിക്കുന്നവരുടെ പങ്കാളിക്കും മക്കൾക്കും അഞ്ചുലക്ഷം രൂപയും നൽകും.
1995 രൂപയുടെ വാർഷിക ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയും നടപ്പാക്കി. രണ്ടു ലക്ഷംമുതൽ 15 ലക്ഷം വരെയാണ് ചികിത്സാസഹായം . ജീവനക്കാരുടെ പങ്കാളിയെയും രണ്ടു മക്കളെയും ഇതിൽചേർക്കാം. 2495 രൂപ അടച്ചാൽ മൂന്ന് ലക്ഷംമുതൽ 30 ലക്ഷംവരെ ചികിത്സാ സഹായം ലഭിക്കും. 75 വയസുവരെയുള്ളവർക്ക് വർഷംതോറും പുതുക്കി പരിരക്ഷ ഉറപ്പാക്കാം.
മറ്റ് ആനുകൂല്യം ഇങ്ങനെ
● പ്ലാസ്‌റ്റിക് സർജറി, പൊള്ളൽ എന്നിവയ്‌ക്ക് 10 ലക്ഷംവരെ
●ചികിത്സയ്‌ക്ക് വിദേശത്തുനിന്ന് മരുന്നിന് അഞ്ച് ലക്ഷം
● കോമയ്‌ക്ക് ശേഷമുള്ള 48 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം
● എയർ ആംബുലൻസ് സൗകര്യത്തിന് 10 ലക്ഷംവരെ
●കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം (ഒരുകുട്ടിക്ക്) 10 ലക്ഷം
●പെൺകുട്ടികളുടെ വിവാഹം , 10 ലക്ഷം വരെ (ഒരുകുട്ടിക്ക് പരമാവധി അഞ്ച് ലക്ഷം)
● അപകടശേഷം കുടുംബത്തിന്റെ യാത്ര ചെലവ് 50,000
● മൃതദേഹം നാട്ടിലെത്തിക്കാൻ 50,000
● ആംബുലൻസ് ചെലവ് 50,000
● വിദേശത്ത് ഡ്യൂട്ടിക്കിടെ മരിച്ചാൽ 10 ലക്ഷം










0 comments