കെഎസ്‌ആർടിസി കൊറിയർ സർവീസ് വിജയത്തിലേക്ക് ; വൈറ്റില ഡിപ്പോ വരുമാനത്തിൽ ഒന്നാമത്

കണ്ണൂർ
കെഎസ്‌ആർടിസി ബസ് വഴി കുറഞ്ഞ ചെലവിൽ സാധനങ്ങൾ സംസ്ഥാനത്തെവിടേക്കും കൊറിയർ എത്തിക്കുന്ന പദ്ധതി വിജയത്തിലേക്ക്. 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ ഉത്തരവാദിത്വത്തോടെ എത്തിച്ചുകൊടുക്കുമെന്നതാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന്റെ പ്രത്യേകത. രണ്ടു വർഷംമുമ്പാണ് തുടങ്ങിയത്. എറണാകുളം വൈറ്റില ഡിപ്പോയാണ് വരുമാനത്തിൽ ഒന്നാമത്. തിരുവനന്തപുരം, കോഴിക്കോട് ഡിപ്പോകൾ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
സ്വകാര്യ കൊറിയർ സർവീസ് സ്ഥാപനങ്ങളേക്കാൾ നിരക്ക് കുറവാണ്. മൂന്ന് തരത്തിലാണ് തുക ഈടാക്കുന്നത്. 100 മുതൽ 250 ഗ്രാംവരെയുള്ള സാധനങ്ങൾക്ക് 200 കിലോമീറ്റർ പരിധിയിൽ 65 രൂപ. ഒന്നു മുതൽ അഞ്ച് കിലോവരെ 200 കിലോമീറ്റർ ദൂരത്തിൽ 130 ഉം 400 കിലോമീറ്ററിൽ 254 ഉം 600 കിലോമീറ്ററിൽ 384 രൂപയും ഈടാക്കുന്നു. പരമാവധി 30 കിലോ വരെയുള്ള സാധനങ്ങളാണ് എടുക്കുക. 30 ആയാൽ 15 കിലോയുടെ രണ്ട് കൊറിയറാക്കണം. പൊട്ടിപ്പോകുന്നതുൾപ്പെടെ, കൈകാര്യംചെയ്യാൻ ബുദ്ധിമുട്ടുള്ള വസ്‌തുക്കൾ സ്വീകരിക്കില്ല.
ഡിപ്പോകളിൽനിന്ന് ഡിപ്പോകളിലേക്ക്
കെഎസ്ആർടിസിയുടെ ഡിപ്പോകളിലേക്കുമാത്രമാണ് കൊറിയർ സർവീസ്. ലഭ്യമാകുന്ന സ്ലിപ്പിന്റെ പകർപ്പുമായി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ എത്തി സാധനം കൈപ്പറ്റണം. നിലവിൽ 53 ഡിപ്പോകളെ ബന്ധിപ്പിച്ച് സർവീസുണ്ട്. നഗരങ്ങളിലും ദേശീയപാതയ്ക്ക് സമീപത്തുമുള്ള ഡിപ്പോകളിലെ കൊറിയർ സർവീസ് 24 മണിക്കൂറും പ്രവർത്തിക്കും. മറ്റ് ഡിപ്പോകളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് സേവനം.
കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കും സർവീസുണ്ട്. അയയ്‌ക്കാനുള്ള സാധനങ്ങൾ പായ്‌ക്ക്ചെയ്ത് എത്തിക്കണം. അയയ്‌ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും വിവരങ്ങൾ സന്ദേശമായി ലഭിക്കും. സ്വീകരിക്കുന്നയാൾ ഡിപ്പോയിൽ നേരിട്ടെത്തണം. തിരിച്ചറിയൽ രേഖ പരിശോധിച്ച് കൈമാറും.









0 comments