print edition വൈദ്യുതി നിരക്ക് കൂടും; സർക്കാരിന്റെ പിഴവ്, ശിക്ഷ ജനത്തിന്


സ്വന്തം ലേഖകൻ
Published on Sep 30, 2026, 12:00 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ ഇരുട്ടിലായതിനുപിന്നാലെ വൈദ്യുതിനിരക്ക് വർധനയുടെ പ്രഹരവും. പ്രതിസന്ധിഘട്ടത്തിൽ തത്സമയ വിപണിയിൽനിന്നടക്കം കൂടിയ വിലയിൽ വൈദ്യുതി വാങ്ങിയതിന്റെ ബാധ്യത ഉപയോക്താക്കളുടെ ചുമലിലാകും. കെഎസ്‌ഇബിക്കുണ്ടായ അധികചെലവ് സർചാർജായി ബില്ലിൽ പ്രതിഫലിക്കും. അപ്പോഴും ഒക്‌ടോബർ മാസത്തിലും ലോഡ് ഷെഡിങ് തുടരും.
പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങാൻ വർഷം ശരാശരി 600 കോടി ചെലവിടുമ്പോൾ മൂന്നുമാസത്തിനിടെ 1500 കോടി രൂപ ചെലവായതായി കെഎസ്‌ഇബി ചെയർമാൻ എം ജി രാജമാണിക്യം പറഞ്ഞു. കെഎസ്‌ഇബിക്കുണ്ടായ അധികബാധ്യത റെഗുലേറ്ററി കമീഷന് സമർപ്പിക്കും. കമീഷന്റെ തീരുമാനപ്രകാരം വർധനയിൽ തീരുമാനമുണ്ടാകുമെന്നും രാജമാണിക്യം പ്രതികരിച്ചു.
എൽ നിനോ അടക്കം കാലാവസ്ഥാ മുന്നറിയിപ്പുകൾ കിട്ടിയ ഉടൻ വൈദ്യുതിലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാരിന്റെ അനാസ്ഥയാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. ഉപയോഗം വർധിച്ചതിനാൽ ഉപയോക്താക്കളുടെ താരിഫ് നിരക്ക് വർധിക്കും. ഇതിനുപുറമെ സർചാർജും വരും. അതേസമയം, അധികവിലയ്‌ക്ക് വൈദ്യുതി വാങ്ങിയ കെഎസ്‌ഇബിക്ക് വരുമാനത്തിലും വർധനയുണ്ടാകും. പകൽസമയത്തടക്കം ഉപയോഗം മുൻവർഷത്തേക്കാൾ കൂടിയത് അധികവരുമാനം നൽകും. ശന്പളച്ചെലവ് അടക്കമുള്ളവയിൽ വർധനയുമില്ല. ഇത് കണക്കാക്കാതെയാണ് ബാധ്യതയുടെ കണക്കുമാത്രം പറയുന്നത്.








0 comments