തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാൻ കെഎസ്‌ഇബി: 250 മെഗാവാട്ട് അധിക വൈദ്യുതി ലഭിച്ചുതുടങ്ങി

സ്വന്തം ലേഖിക
Published on Apr 30, 2026, 12:34 AM | 1 min read
തിരുവനന്തപുരം: ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വർധന നേരിടാൻ 250 മെഗാവാട്ട് അധികവൈദ്യുതി ലഭ്യമാക്കി കെഎസ്‌ഇബി. സംസ്ഥാന റെഗുലേറ്ററി കമീഷന്റെ പ്രത്യേക അനുമതിയോടെ, ‘ടേം എഹെഡ്' മാർക്കറ്റിൽ നിന്നാണ് യൂണിറ്റിന് പത്തുരൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക. ഹ്രസ്വകാല കരാറിനുള്ള കെഎസ്‌ഇബിയുടെ അപേക്ഷയിൽ 26നാണ് റെഗുലേറ്ററി കമീഷൻ തീരുമാനമെടുത്തത്. കെഎസ്‌ഇബി ഉടൻ തുടർനടപടിയെടുത്തതിനാലാണ് അതിവേഗം വൈദ്യുതി ലഭ്യമായത്.
ചൊവ്വാഴ്‌ച സംസ്ഥാനത്ത് 117.0097 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. വേനൽ മഴയും അധിക വൈദ്യുതിയും അൽപ്പം ആശ്വാസം നൽകുമെങ്കിലും മെയ് ആറിനുശേഷം ചൂട് വീണ്ടും കൂടിയേക്കും. ഈ സാഹചര്യം നേരിടാൻ മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ‘സ്വാപ്’ വ്യവസ്ഥയിൽ എത്തിക്കാനാണ് ശ്രമം. ഡിസംബറിൽ തിരിച്ചുനൽകാമെന്ന വ്യവസ്ഥയിലാകും സ്വീകരിക്കുക.










0 comments