ജൈവവൈവിധ്യ സംരക്ഷണം: ജനകീയ മുന്നേറ്റത്തിന് മാധ്യമപിന്തുണ അനിവാര്യം

തിരുവനന്തപുരം : കേരളത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് യുവതലമുറയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്നും അതിന് മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് (ഐഎഎസ് റിട്ട) പറഞ്ഞു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും (KSBB) ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും (NBA) സംയുക്തമായി സംഘടിപ്പിച്ച ജൈവവൈവിധ്യ സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ത്രിദിന മാധ്യമ ശിൽപശാലയുടെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന് സമാനമായ ജനകീയ മുന്നേറ്റമാണ് ജൈവവൈവിധ്യ സംരക്ഷണ രംഗത്തും ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ അറിവും മാധ്യമപ്രവർത്തനവും സംയോജിപ്പിച്ച് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ട്.
വസ്തുതകൾ മാത്രം അവതരിപ്പിക്കുന്നതിനുപകരം പ്രസക്തവും കാലികവുമായ വിവരങ്ങളുടെയും കണക്കുകളുടെയും പശ്ചാത്തലത്തിൽ വിഷയങ്ങളെ സമീപിക്കണം. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്കും പ്രത്യേകിച്ച് യുവതലമുറയിലേക്കും എത്തിക്കുന്നതിന് മാധ്യമങ്ങൾ കൂടുതൽ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് മാധ്യമങ്ങളിൽ സ്ഥിരമായ ഇടവും പ്രൈംടൈം പരിഗണനയും ലഭ്യമാക്കുന്നതിന് ബോർഡും മാധ്യമങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ശിൽപശാലയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ ജൈവവൈവിധ്യ ബോർഡ് ചെയർമാനും പ്രമുഖ ജൈവവൈവിധ്യ വിദഗ്ധനുമായ ഡോ. ഉമ്മൻ വി ഉമ്മൻ വിതരണം ചെയ്തു. ജൈവവൈവിധ്യ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കായുള്ള നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ‘ഐഡിയേഷൻ ചലഞ്ച്’ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ ജൈവവൈവിധ്യ ബോർഡ് ചെയർമാനും നിലവിലെ ബോർഡ് അംഗവുമായ ഡോ. ആർ വി വർമ്മ വിതരണം ചെയ്തു.
ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. സി അനിൽകുമാർ ആശംസകൾ നേർന്നു. ഹസീന ബീഗം സ്വാഗതവും ഡോ. പ്രജിത് കെ കെ നന്ദിയും പറഞ്ഞു. മൾട്ടിമീഡിയ, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ വിദഗ്ധ സംഗീത രാജേഷ് നയിച്ച സ്റ്റോറി ക്ലിനിക്, ഫാക്ട് ചെക്കിങ്, സ്റ്റോറി പിച്ചിങ്, പരിസ്ഥിതി വാർത്തകളുടെ വികസനം തുടങ്ങിയ സെഷനുകളും ശിൽപശാലയുടെ ഭാഗമായി നടന്നു. മാധ്യമപ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന സെഷനുകളിൽ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വാർത്തകൾ കൂടുതൽ ശാസ്ത്രീയവും വസ്തുതാപരവും ജനകീയവുമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ചർച്ച ചെയ്തു.









0 comments