സാൻ ഡിയഗോയ്ക്കെതിരെ ഇന്റർ മയാമിക്ക് സമനില; മെസിക്കും സുവാരസിനും ഗോൾ

Photo:Reuters
ഫ്ലോറിഡ : മേജർ ലീഗ് സോക്കറിൽ സാൻ ഡിയഗോയ്ക്കെതിരെ 2-2 സമനിലയിൽ പിരിഞ്ഞ് ലയണൽ മെസിയുടെ ഇന്റർ മയാമി. ഇതോടെ അവസാന ഒമ്പത് എംഎൽഎസ് മത്സരങ്ങളിൽ ഇന്റർ മയാമിക്ക് ഒരു ജയം മാത്രമായി. എട്ട് മത്സരങ്ങൾ ശേഷിക്കെ ഒന്നാം സ്ഥാനത്തുള്ള നാഷ്‌വില്ലെയേക്കാൾ 11 പോയിന്റ് പിന്നിലാണ് മയാമി.
ഡാനിഷ് താരം ആൻഡേഴ്‌സ് ഡ്രെയറിന്റെ ഇരട്ട ഗോളുകളാണ് സാൻ ഡിയഗോയ്ക്ക് സമനില നേടിക്കൊടുത്തത്. 12-ാം മിനിറ്റിൽ ജെപ്പെ ട്വെർസ്കോവിന്റെ മികച്ച പാസിൽ നിന്ന് ഡ്രെയർ ഗോൾ നേടി സാൻ ഡിയഗോയെ മുന്നിലെത്തിച്ചു.
24-ാം മിനിറ്റിൽ മെസി മയാമിയെ സമനിലയിലെത്തിച്ചു. മയാമിക്കായുള്ള മെസിയുടെ 101-ാം ഗോളും കരിയറിലെ 930-ാം ഗോളുമായിരുന്നു ഇത്. ബോക്‌സിന്റെ അരികിൽനിന്നുള്ള മെസിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി വലയിലെത്തുകയായിരുന്നു.
തുടർന്ന് മയാമി ആക്രമണം ശക്തമാക്കിയെങ്കിലും മെസി, ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്ക് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനായില്ല.
74-ാം മിനിറ്റിൽ ഡി പോളിന്റെ പാസിൽ നിന്ന് സുവാരസ് ഗോൾ നേടിയതോടെ മയാമി 2-1ന് മുന്നിലെത്തി. എന്നാൽ അവസാന പത്ത് മിനിറ്റിൽ സാൻ ഡിയഗോ തിരിച്ചടിച്ചു. ട്വെർസ്കോവിന്റെ പാസിൽ നിന്ന് വീണ്ടും ഡ്രെയർ ഗോൾ നേടി മത്സരം 2-2 എന്ന നിലയിലാക്കി.
ഇഞ്ചുറി ടൈമിൽ സാൻ ഡിയഗോ വിജയഗോളിനടുത്തെത്തിയെങ്കിലും കിയറൻ സർജന്റിന്റെ ഷോട്ട് മയാമി ഗോൾകീപ്പർ ഡെയ്ൻ സെന്റ് ക്ലെയർ തടഞ്ഞു.








0 comments