കെപിപിഎല്ലിന് 741 കോടിയുടെ വികസന പദ്ധതി; ലക്ഷ്യം 1500 കോടിയുടെ വിറ്റുവരവ്

കോട്ടയം: കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെപിപിഎൽ) ഭാവി സുസ്ഥിരത ഉറപ്പാക്കുന്നതിനായി 741 കോടി രൂപയുടെ രണ്ടാംഘട്ട വികസന പദ്ധതിക്ക് തുടക്കമാകുന്നു. നിലവിൽ പത്രക്കടലാസ് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനം, ഈ പുതിയ പദ്ധതിയിലൂടെ ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുകയും ഉൽപ്പന്നങ്ങൾ വൈവിധ്യവൽക്കരിക്കുകയും ചെയ്യും. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കമ്പനിയുടെ വാർഷിക വിറ്റുവരവ് 1500 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
മാറുന്ന വിപണി സാഹചര്യങ്ങൾ പരിഗണിച്ചാണ് സ്പെഷ്യാൽറ്റി പേപ്പർ, ഉയർന്ന നിലവാരമുള്ള പാക്കേജിംഗ് പേപ്പർ എന്നിവയുടെ നിർമ്മാണത്തിലേക്ക് കെപിപിഎൽ കടക്കുന്നത്. പ്ലാസ്റ്റിക് നിരോധനവും ഇ-കൊമേഴ്സ്, ഫുഡ് ഡെലിവറി മേഖലകളുടെ വളർച്ചയും പാക്കേജിംഗ് പേപ്പറുകൾക്ക് വലിയ വിപണി സാധ്യതയാണ് നൽകുന്നത്. കൂടാതെ, നോട്ട് ബുക്കുകൾക്കും ഓഫീസ് ആവശ്യങ്ങൾക്കുമുള്ള റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പർ, കോപ്പിയർ പേപ്പർ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
നിലവിൽ കേരളത്തിൽ ഇത്തരം പേപ്പറുകൾക്ക് വലിയ ആവശ്യകതയുണ്ടെങ്കിലും അവ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. കെപിപിഎല്ലിലെ ഉൽപ്പാദനം വർധിക്കുന്നതോടെ ഈ കുറവ് പരിഹരിക്കാൻ സാധിക്കും. കൂടാതെ, നിലവിലുള്ള റെയിൽ, റോഡ്, തുറമുഖ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അനുബന്ധ വ്യവസായങ്ങളെ ഉൾപ്പെടുത്തി ഒരു 'പേപ്പർ ക്ലസ്റ്റർ' രൂപീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിക്കായി സംസ്ഥാന സർക്കാർ 175 കോടി രൂപ ഓഹരി പങ്കാളിത്തമായി അനുവദിച്ചിട്ടുണ്ട്. ബാക്കി 541 കോടി രൂപ ബാങ്ക് കൺസോർഷ്യം വഴി ലഭ്യമാക്കും. 24 മാസമാണ് പദ്ധതി പൂർത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള കാലാവധി.
2019-ൽ പ്രവർത്തനം നിലച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനരുദ്ധരിച്ചാണ് കെപിപിഎൽ രൂപീകരിച്ചത്. മൂന്നര വർഷത്തെ അടച്ചുപൂട്ടലിന് ശേഷം ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനം പുതിയ വികസന പദ്ധതികളിലൂടെ രാജ്യത്തെ കടലാസ് നിർമ്മാണ മേഖലയുടെ മുൻനിരയിലേക്ക് മാറാനാണ് ഒരുങ്ങുന്നത്.










0 comments