'വീടിന് പിരിച്ച പണത്തിന്റെ കണക്ക് പറയേണ്ടത് കെപിസിസി'; ഉത്തരം മുട്ടി ടി സിദ്ധിഖ്

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്കിൽ ഉത്തരമില്ലാതെ ടി സിദ്ധിഖ് എംഎൽഎ. ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് പറയേണ്ടത് കെപിസിസിയാണെന്നാണ് എംഎൽഎയുടെ വാദം. വീട് നിർമാണത്തിനായി കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ ആറോ ഏഴോ ഇരട്ടി പണം ചെലവഴിക്കേണ്ടി വരുമെന്നും ആദ്യ ഘട്ടം ആറ് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും സിദ്ധിഖ് പറഞ്ഞു.
ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയാണ് കോൺഗ്രസ് പണം പിരിച്ചത്. ഇതിന്റെ കണക്കാണ് കേരളം ചോദിക്കുന്നത്. ‘വീട് നിർമാണത്തിന് കട്ട് ഓഫ് ഡേറ്റ് ഇല്ലെന്നാണ്’ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാട്. കോടികൾ പിരിച്ച് മുക്കിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുകണ്ട് ഒടുവിൽ മേപ്പാടി കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങിയത്.
ഫെബ്രുവരി 26ന് ‘തറക്കല്ലിടൽ നാടകം’ നടത്തിയ കോൺഗ്രസ്, വീട് നിർമാണത്തിനായി ഒരു പ്രവർത്തനവും തുടങ്ങിയിട്ടില്ല.
രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്കയും ചേർന്ന് ഇട്ട തറക്കല്ലുപോലും നിലവിൽ കാണാനില്ല. വീടിന്റെ രൂപരേഖപോലും തയ്യാറായിട്ടില്ല. തറക്കല്ലിട്ട സ്ഥലം ശൂന്യമാണ്.










0 comments