print edition സംഘടനാ ചർച്ചയിലേക്ക് കടക്കാതെ കെപിസിസി ; മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് ഒരു വിഭാഗം

തിരുവനന്തപുരം
രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്പോഴും ഹൈക്കമാൻഡ് വാളെടുത്ത പശ്ചാത്തലത്തിൽ യോഗം ചേർന്ന് കെപിസിസി ഭാരവാഹികൾ. തദ്ദേശ തെരഞ്ഞെടുപ്പും പുതിയ ഭാരവാഹികൾക്ക് ചുമതല നിശ്ചയിക്കലുമായിരുന്നു അജൻഡ. എന്നാൽ, തർക്കത്തിന് സാധ്യത മുന്നിൽ കണ്ട് രണ്ടാമത്തെ അജൻഡ മാറ്റി. ചുമതലകൾ കെപിസിസി പ്രസിഡന്റ് നിശ്ചയിക്കും.
അതേസമയം, ഷാഫി പറന്പിൽ അടക്കമുള്ള ചില നേതാക്കളുടെ താൽപര്യം മുൻനിർത്തി രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. മുതിർന്ന നേതാക്കളാരും ഏറ്റെടുക്കാത്തതിനാൽ ചർച്ചയായില്ല. ലൈംഗിക പീഡന ആരോപണം സജീവമായി നിലനിൽക്കുന്ന രാഹുലിനെ കെപിസിസി ഭാരവാഹിയാക്കി തിരിച്ചെത്തിക്കാനായിരിക്കും വരും ദിവസങ്ങളിൽ ഷാഫി സംഘത്തിന്റെ നീക്കമെന്നാണ് മറുവിഭാഗം നേതാക്കൾ നൽകുന്ന സൂചന.
ഇടഞ്ഞ് മാറിനിന്നിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കമാൻഡ് കർശന നിർദേശം നൽകിയതിനാൽ യോഗത്തിൽ പങ്കെടുത്തു. പ്രധാന നേതാക്കൾ ബഹിഷ്കരിക്കുമെന്നതിനാലാണ് ഒക്ടോബർ 23 ലെ യോഗം മാറ്റിവച്ചത്. പ്രധാന നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ച് ശക്തമായ താക്കീത് നൽകിയിരുന്നു.
അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. അതിദാരിദ്ര്യമുക്തകേരള പ്രഖ്യാപന ചടങ്ങിന് ചലിച്ചിത്രതാരങ്ങള്‍ കൂട്ടുനിന്നത് ശരിയായില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു.









0 comments