print edition സെക്രട്ടറി പ്രഖ്യാപനം തുലാസിൽ

തിരുവനന്തപുരം: നേതാക്കളെ തൃപ്തിപ്പെടുത്താൻ ആവശ്യംപോലെ സെക്രട്ടറിമാരുടെ പേരെഴുതിച്ചേർത്ത് സമർപ്പിച്ച പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചതോടെ പ്രതിസന്ധിയിലായി കെപിസിസി. ജനറൽ സെക്രട്ടറി പട്ടികയിലേക്ക് വിവിധ ഗ്രൂപ്പുകൾ നൽകിയ പേരുകൾ തഴഞ്ഞതോടെയാണ് എല്ലാവരെയും സെക്രട്ടറി പട്ടികയിലുൾപ്പെടുത്തിയത്. 150പേരുടെ പട്ടികയാണ് ഹൈക്കമാൻഡിന് നൽകിയത്. എന്നാൽ, എൺപതാക്കാൻ നിർദേശിച്ച് മടക്കി. പട്ടിക പുറത്തുവന്നാൽ അവഗണിക്കപ്പെട്ടവർ ആരൊക്കെയെന്ന് വ്യക്തമാകും. ഇത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നും നേതാക്കൾ സൂചിപ്പിച്ചു. 
ഭാരവാഹികളുടെ ആദ്യ പട്ടിക വന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ തണുപ്പിച്ചത് അടുത്ത പട്ടികയിൽ ഇടം നൽകാമെന്ന് പറഞ്ഞാണ്. ഇതിനിടയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അവഗണിക്കുന്നതരത്തിലുള്ള തീരുമാനങ്ങളുമുണ്ടായി. ജനറൽ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് കെ മുരളീധരന്റെ പരാതി മാത്രമേ പരിഗണിക്കുന്നുള്ളൂ. കോർകമ്മിറ്റി രൂപീകരിക്കുന്നതും പ്രതിപക്ഷ നേതാവിന് ഒരുകാര്യത്തിലും തനിച്ച് തീരുമാനിക്കാനാകാത്ത അവസ്ഥയുണ്ടാക്കാനാണ്. ഇടഞ്ഞുനിന്ന സതീശൻ ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ കെപിസിസി യോഗത്തിൽ പങ്കെടുത്തത്.
ഉടൻതന്നെ ഇറങ്ങിപ്പോകുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇത്തരം കമ്മിറ്റികൾ ഉണ്ടായിരുന്നെങ്കിലും നിർണായക തീരുമാനങ്ങൾ അദ്ദേഹംതന്നെയാണ് എടുത്തിരുന്നത്. ആ സ്ഥാനം വി ഡി സതീശന് കൊടുക്കാൻ നേതൃത്വത്തിലുള്ളവർ തയ്യാറല്ല. സതീശൻ ഒരുഭാഗത്തും ബാക്കിയുള്ളവർ മറുഭാഗത്തും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സെക്രട്ടറി പട്ടിക വരുന്നതോടെ ഉണ്ടാകാവുന്ന പ്രതികരണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണ് സെക്രട്ടറിമാരുടെ ജംബോ പട്ടിക നൽകിയത്. ആ തന്ത്രവും പൊളിഞ്ഞാൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പിടിച്ചു നിൽക്കാനാകാത്ത സാഹചര്യമുണ്ടാകുമെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
തരൂർ ദേശീയ നേതാവെന്ന് സണ്ണി ജോസഫ്
കണ്ണൂർ
നെഹ്റു കുടുംബത്തിന്റെ മക്കൾരാഷ്ട്രീയത്തെ വിമർശിച്ച ശശി തരൂർ ദേശീയ നേതാവാണെന്നും അദ്ദേഹത്തിന്റെ കാര്യം ദേശീയ നേതൃത്വം നോക്കിക്കൊള്ളുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അശാസ്‌ത്രീയമായാണ് വാർഡുകൾ വിഭജിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments