print edition പുനഃസംഘടനാ തർക്കം രൂക്ഷം ; കെപിസിസി ഭാരവാഹിയോഗം മാറ്റി

തിരുവനന്തപുരം
കെപിസിസി പുനഃസംഘടനയിലെ തർക്കം രൂക്ഷമായി നിൽക്കെ വ്യാഴാഴ്‌ച വിളിച്ച പുതിയ ഭാരവാഹികളുടെ യോഗം മാറ്റി. തർക്കം തീർത്തിട്ട് യോഗം ചേർന്നാൽ മതിയെന്നാണ് തീരുമാനം. കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും നീണ്ടേക്കും. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകളെ ഒതുക്കി, കെ സി വേണുഗോപാൽ പിടിച്ചെടുത്തതിന്റെ മുറിവ് നിലനിൽക്കെയാണ് കെപിസിസി പുനഃസംഘടന നടന്നത്.
മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും നിർദേശിച്ച പേരുകളും വെട്ടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിർപ്പായിരുന്നു. അത് അവഗണിച്ചാണ് വ്യാഴാഴ്‌ച പുതിയ ഭാരവാഹികളുടെ യോഗം വിളിച്ചത്. നേരത്തെ നിശ്‌ചയിച്ച പേരുകളിൽ മാറ്റം വരുത്തേണ്ടിവരുമെന്നതാണ് സ്ഥിതി. ജനറൽ സെക്രട്ടറിമാരുടെ എണ്ണം കൂടിയതിനാൽ സെക്രട്ടറിമാരും കൂടും. തയ്യാറാക്കിയ പട്ടിക മാറ്റേണ്ടിവരും. രാഷ്‌ട്രീയകാര്യസമിതി ചേരാതെ ചുമതല നിശ്‌ചയിക്കുന്നത് മുതിർന്ന നേതാക്കളും എതിർത്തതോടെയാണ് യോഗം മാറ്റിയത്.









0 comments