വിദ്യാർഥിയെ തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചത് ലൈംഗിക ചൂഷണത്തിന്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: പയ്യാനക്കലിൽ ഫുട്ബോൾ കളിക്കാൻ പോയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ, കാസർഗോഡ് സ്വദേശിയായ സിനാൻ അലി യൂസഫിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ലൈംഗിക ചൂഷണത്തിനായാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും കൃത്യം നിർവഹിക്കുന്നതിനായി പ്രതി വിശദമായ ആസൂത്രണം നടത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതി സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നയാളാണെന്ന് പന്നിയങ്കര എസ്എച്ച്ഒ സതീഷ് കുമാർ അറിയിച്ചു.
ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. കോഴിക്കോട് പയ്യാനക്കലിൽ ഫുട്ബോൾ കളിക്കാൻ പോയ വിദ്യാർഥിയെ, കാസർഗോഡ് സ്വദേശിയായ സിനാൻ അലി യൂസഫ്, കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിർത്തിയിട്ട കാർ മോഷ്ടിച്ചാണ് പ്രതി കൃത്യം നിർവഹിക്കാൻ ശ്രമം നടത്തിയത്. തട്ടിക്കൊണ്ടു പോകാൻ സിനാൻ മുഖംമൂടി കരുതിയിരുന്നു.
മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പിടിയിലായ സിനാൻ. വാഹനം മോഷ്ടിക്കാൻ ശ്രമിച്ചതിന് വെള്ളയിൽ പൊലീസ് സ്റ്റേഷനിലും, ലൈംഗിക ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.










0 comments