ബിൽ പാസാക്കാൻ 10,000 രൂപ കൈക്കൂലി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവർസീയർ പിടിയിൽ

കോഴിക്കോട്: റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതിന്‍റെ ബിൽ പാസാക്കുന്നതിനായി പിഡബ്ല്യൂഡി കോൺട്രാക്ടറിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവർസീയർ പിടിയിൽ. കോഴിക്കോട് ഓടമ്പ്ര സ്വദേശിയും ഫസ്റ്റ് ഗ്രേഡ് ഓവർസീയറുമായ നവീൻ രവിയെ (47) ആണ് വിജിലൻസ് സംഘം ചെവ്വാഴ്ച കൈയ്യോടെ പിടികൂടിയത്.
പിഡബ്ല്യൂഡി കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച രണ്ട് റോഡ് വർക്കുകളുടെ ബില്ലുകൾ അസിസ്റ്റന്റ് എഞ്ചിനീയർ മെഷർമെന്റ് പൂർത്തിയാക്കി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അപ്രൂവ് ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രൈസ് സോഫ്റ്റ്‌വെയർ വഴിയും നേരിട്ടും അയച്ചിരുന്നു.
രണ്ടു ബില്ലുകളും ഒന്നരമാസമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ പെന്റിംഗ് ആയി കിടന്നതിനെ തുടർന്ന് പരാതിക്കാരൻ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തി ഓവർസിയർ നവീൻ രവിയെ നേരിൽ കണ്ട് വിവരം തിരക്കി. തുടർന്ന് ബിൽ പെട്ടെന്ന് ശരിയാക്കി നൽകാമെന്ന് പറഞ്ഞ നവീൻ, 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. ചെവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങവെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ചാണ് നവീൻ രവിയെ വിജിലൻസ് സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.









0 comments