കൊയിലാണ്ടിയിൽ ആനയിടഞ്ഞ സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നൽകി

മന്ത്രി വാസവൻ അപകടത്തിൽ മരിച്ചവരുടെ വീട്ടിലെത്തിയപ്പോൾ
കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവത്തിൽ മരണമടഞ്ഞ മൂന്നു പേരുടേയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകി. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനാണ് ബന്ധുക്കൾക്ക് തുക കൈമാറിയത്. ഗുരുവായൂർ ദേവസ്വം വകയായി മൂന്ന് ലക്ഷം രൂപയും മലബാർ ദേവസ്വം വകയായി രണ്ട് ലക്ഷം രൂപയുമടക്കമാണ് അഞ്ച് ലക്ഷം രൂപ.
ക്ഷേത്രം സന്ദർശിച്ച മന്ത്രി മരിച്ച അമ്മുക്കുട്ടിയമ്മയുടേയും ലീലയുടേയും വീട്ടിലെത്തി ചെക്ക് കൈമാറുകയായിരുന്നു. മരിച്ച രാജന്റെ സഹോദരൻ ദാസൻ ക്ഷേത്രത്തിൽ വച്ച് മന്ത്രിയിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. പരിക്കേറ്റ മുഴുവൻ പേരുടേയും ചികിത്സ സർക്കാർ ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ സാഹചര്യം വിലയിരുത്തി അവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനെ കുറിച്ച് മറ്റുള്ളവരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ മലബാർ ദേവസ്വം കമ്മീഷണറോട് നിർദ്ദേശിക്കുകയും ചെയ്തു.
കാനത്തിൽ ജമീല എംഎൽഎ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ വിനയൻ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, കെ കെ മുഹമ്മദ്, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ പ്രജീഷ് തിരുട്ടിയിൽ, ടി എൻ കെ ശശീന്ദ്രൻ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.










0 comments