കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമാണ കമ്പനിയുടെ പ്രധാന പ്രമോട്ടർ ബിജെപി നേതാവ്

കൊല്ലം: കൊട്ടിയം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിലെ കരാർ കമ്പനിയായ ശിവാലയ കൺസ്‌ട്രക്‌ഷൻസിന്റെ പ്രധാന പ്രമോട്ടർ ബിജെപി നേതാവ്. ഹരിയാനയിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ സതിഷ് നന്ദാൽ വർഷങ്ങളായി കമ്പനിയുടെ ഭാഗമാണ്. ബിജെപി നേതാവിന്റെ കമ്പനിയുമായുള്ള ബന്ധം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി. ശിവാലയ കൺസ്‌ട്രക്‌ഷൻസാണ് ബിജെപിയുടെ ഖജനാവ് നിറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതെന്നും വിമർശനമുയർന്നു.
ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയപാത അതോറിറ്റി ശിവാലയ കൺസ്‌ട്രക്‌ഷൻസിന് ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. കൊല്ലം ആസ്ഥാനമായ സൂപ്പർവൈസർ കമ്പനിയായ ഫീഡ്‌ബാക്കിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. കൊല്ലം ബൈപാസ് മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവൃത്തിയാണ് ഹരിയാന ആസ്ഥാനമായ ശിവാലയ കൺസ്‌ട്രക്‌ഷൻസ് കമ്പനിക്ക് കരാർ നൽകിയിരുന്നത്.
വെള്ളി വൈകിട്ട് 3.30നാണ് ദേശീയപാത 66 ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി തകർന്നത്. കൊല്ലം ബൈപാസ് –കടമ്പാട്ടുകോണം റീച്ചിൽ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള പാതയിലാണ് അപകടം. സർവീസ് റോഡും ഉയരപ്പാതയുടെ റീ ഇൻഫോഴ്സ്ഡ് വാളുമാണ് തകർന്നത്. ഉയരപ്പാത 30ഡിഗ്രി ഉള്ളിലേക്ക് ചരിഞ്ഞു. രണ്ടടിവരെ വീതിയിലാണ് വിള്ളലുകൾ. സർവീസ് റോഡിനും ഓടയ്ക്കും ഇടയിലും വിള്ളലുണ്ടായി.










0 comments