റോഡിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ലിനു
കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് വഴിയരികിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം ചാച്ചിപുന്ന ലിനേഷ് ഭവനത്തിൽ ഡെന്നീസിന്റെയും മണിയുടെയും മകനായ ലിനു (40) ആണ് മരിച്ചത്.
എറണാകുളം മൗസി ഫുഡ് കമ്പനി റീജിയണൽ മനേജറായായിരുന്നു ലിനു. ജിജിയാണ് ഭാര്യ. എയ്ഞ്ചൽ (12), ആൻഡ്രിയ (11) എന്നിവർ മക്കളാണ്. സംസ്കാരം വ്യാഴം പുന്നല ചാച്ചിപുന്ന ശാലേം മർത്തോമ്മാ ദേവാലയ സെമിത്തേരിയിൽ.
ഞായർ രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിനു സമീപമായിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ശ്വാസമെടുക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നു ലിനു. ആ സമയം അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി മനൂപും അപകടം കണ്ടു വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ തോമസും ചേർന്ന് പരിക്കേറ്റ മൂന്നുപേർക്കും അടിയന്തര ചികിത്സ നൽകുകയായിരുന്നു.
ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വാസതടസമുണ്ടായി റെസ്പിറേറ്ററി അറസ്റ്റ് എന്ന ഗുരുതരമായ അവസ്ഥയിലായിരുന്നു ലിനു. ഇതോടെ ശ്വാസതടസം ഒഴിവാക്കാനായി ആശുപത്രിയിലെ എമർജൻസി റൂമുകളിൽ ചെയ്യുന്ന സർജിക്കൽ ക്രിക്കോതൈറോട്ടമി എന്ന അടിയന്തര ചികിത്സ റോഡിൽവച്ചുതന്നെ ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
നാട്ടുകാർ നൽകിയ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചായിരുന്നു സർജറി. കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് സ്ട്രോ കടത്തിവിട്ട് ശ്വാസഗതി സാധാരണ അവസ്ഥയിലെത്തിച്ചു. പിന്നീട് ഉടൻ തന്ന ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. രോഗിയെ വൈറ്റിലയിലെ വെൽനെസ് ആശുപത്രിയിലെത്തിക്കുംവരെ ആംബുലൻസിൽ ഡോ. മനൂപ് സ്ട്രോയിലൂടെ ശ്വാസം നൽകിക്കൊണ്ടിരുന്നു.
ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കിടെ വൈകുന്നേരം നാല് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ലിനുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.








0 comments