അടിയന്തരാവസ്ഥയുടെ 50 വർഷം: ‘കൊടുങ്കാറ്റിൽ പതറാതെ’ പ്രകാശനം ചെയ്തു

ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘കൊടുങ്കാറ്റിൽ പതറാതെ’ പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: ഇന്ത്യാ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടമായ അടിയന്തരാവസ്ഥയുടെ കിരാത വാഴ്‌ച അനാവരണം ചെയ്യുന്ന പുസ്‌തകം ‘കൊടുങ്കാറ്റിൽ പതറാതെ’ പ്രകാശനം ചെയ്തു. ദേശാഭിമാനി ഓഡിറ്റോറിയത്തിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സിപിഐ എം മുതിർന്ന നേതാവ് വൈക്കം വിശ്വന് കൈമാറി പുസ്‌തകം പ്രകാശിപ്പിച്ചു.

ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് സ്വാഗതം പറഞ്ഞു. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, റസിഡന്‍റ് എഡിറ്റര്‍ എം സ്വരാജ്, സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ, ചീഫ് ന്യൂസ് എഡിറ്റര്‍ ടി ചന്ദ്രമോഹന്‍, അസോസിയേറ്റ് എഡിറ്റര്‍ എന്‍ മധു, ദേശാഭിമാനി ലോക്കല്‍ സെക്രട്ടറി എ അനില്‍കുമാര്‍, ന്യൂസ് എഡിറ്റര്‍ പി ഒ ഷീജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നാനൂറിലധികം പേജുള്ള പുസ്‌തകം ദേശാഭിമാനിയാണ് പ്രസിദ്ധീകരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് അന്പതാണ്ട് തികഞ്ഞതിന്റെ ഭാഗമായാണ് പുസ്‌തകം തയ്യാറാക്കിയത്. നിരപരാധികളുടെ ചോരകൊണ്ട് അടയാളമിട്ട ഒരു കാലത്തിന്റെ സൂക്ഷിപ്പാണ് ‘കൊടുങ്കാറ്റിൽ പതറാതെ’.
എം എ ബേബി, പിണറായി വിജയൻ, എം വി ഗോവിന്ദൻ, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, വൈക്കം വിശ്വൻ, പി കെ ഗുരുദാസൻ തുടങ്ങിയവരുടെ ഓർമകളും എ കെ ജി, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ ബാലാനന്ദൻ തുടങ്ങിയവരുടെ കുറിപ്പും ഇ എം എസിന്റെ ചിന്തയിലെ ചോദ്യോത്തര പംക്തിയും പുത്തലത്ത് ദിനേശൻ, എം സ്വരാജ് തുടങ്ങിയവരുടെ പഠന കുറിപ്പുകളും പുസ്‌തകത്തിലുണ്ട്. ആ കാലഘട്ടത്തിന്റെ ചോരയൊലിക്കുന്ന ജീവിതങ്ങൾ തുറന്നു കാട്ടുന്ന കെഎസ്‌വൈഎഫ് പ്രസിദ്ധീകരണം ‘കിരാത പർവം’ ലഘുലേഖയും ഉൾപ്പെടുത്തിയിട്ടുണ്ട്.










0 comments