അടിയന്തരാവസ്ഥയുടെ 50 വർഷം: ‘കൊടുങ്കാറ്റിൽ പതറാതെ’ ഇന്ന് പ്രകാശിപ്പിക്കും

തിരുവനന്തപുരം: ഇന്ത്യാ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടമായ അടിയന്തരാവസ്ഥയുടെ കിരാത വാഴ്‌ച അനാവരണം ചെയ്യുന്ന പുസ്‌തകം ‘കൊടുങ്കാറ്റിൽ പതറാതെ’ ബുധനാഴ്‌ച പ്രകാശിപ്പിക്കും. ദേശാഭിമാനി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സിപിഐ എം മുതിർന്ന നേതാവ് വൈക്കം വിശ്വന് കൈമാറി പുസ്‌തകം പ്രകാശിപ്പിക്കും. നാനൂറിലധികം പേജുള്ള പുസ്‌തകം ദേശാഭിമാനിയാണ് പ്രസിദ്ധീകരിക്കുന്നത്.
അടിയന്തരാവസ്ഥയ്ക്ക് അന്‍പതാണ്ട് തികഞ്ഞതിന്റെ ഭാഗമായാണ് പുസ്‌തകം തയ്യാറാക്കിയത്. നിരപരാധികളുടെ ചോരകൊണ്ട് അടയാളമിട്ട ഒരു കാലത്തിന്റെ സൂക്ഷിപ്പാണ് ‘കൊടുങ്കാറ്റിൽ പതറാതെ’. അടിയന്തരാവസ്ഥക്കെതിരെ ദേശാഭിമാനി നടത്തിയ പോരാട്ടങ്ങളും പുസ്തകത്തിലുണ്ട്
എം എ ബേബി, പിണറായി വിജയൻ, എം വി ഗോവിന്ദൻ, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, വൈക്കം വിശ്വൻ, പി കെ ഗുരുദാസൻ, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവരുടെ ഓർമകളും എ കെ ജി, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ ബാലാനന്ദൻ തുടങ്ങിയവരുടെ കുറിപ്പും ഇ എം എസിന്റെ ചിന്തയിലെ ചോദ്യോത്തര പംക്തിയും പുത്തലത്ത് ദിനേശൻ, എം സ്വരാജ് തുടങ്ങിയവരുടെ പഠന കുറിപ്പുകളും പുസ്‌തകത്തിലുണ്ട്. ആ കാലഘട്ടത്തിന്റെ ചോരയൊലിക്കുന്ന ജീവിതങ്ങൾ തുറന്നു കാട്ടുന്ന കെഎസ്‌വൈഎഫ് പ്രസിദ്ധീകരണം ‘കിരാത പർവം’ ലഘുലേഖയും ഉൾപ്പെടുത്തിയിട്ടുണ്ട്.










0 comments