Deshabhimani

യൂത്ത് ലീഗ് സമ്മേളനം: ഗതാഗതക്കുരുക്ക്; മുനവ്വറലി തങ്ങൾക്കും പി കെ ഫിറോസിനുമെതിരെ കേസ്

munavarali pkfiros
വെബ് ഡെസ്ക്

Published on Nov 09, 2026, 11:37 AM | 1 min read

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച സംഭവത്തിൽ നേതാക്കൾ ഉൾപ്പെടെ രണ്ടായിരത്തിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവരുൾപ്പെടെ 12 നേതാക്കൾക്കും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പ്രവർത്തകർക്കുമെതിരെയാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.


ഞായറാഴ്ച നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ബോൾഗാട്ടി ഗോശ്രീ ജങ്ഷനിൽനിന്ന് മറൈൻ ഡ്രൈവിലേക്ക് നടത്തിയ ജാഥയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ജാഥയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. ഗതാഗതക്കുരുക്കിനെതിരെ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനമുയർന്നു.


ജാഥ നടത്താൻ പൊലീസ് അനുമതി നൽകിയിരുന്നെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നൽകിയ നിർദേശങ്ങൾ സംഘാടകർ പാലിച്ചില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തത്.


സമ്മേളനത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് ഏഴുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ചാത്യാത്ത് ജങ്ഷൻ, ഗോശ്രീ പാലം, ബോൾഗാട്ടി ജങ്ഷൻ എന്നിവിടങ്ങളിൽ വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടായിരുന്നു. വൈപ്പിൻ, ആലുവ, കാക്കനാട് തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് ബദൽ പാതകളും പൊലീസ് നിർദേശിച്ചിരുന്നു.


നവംബർ ആറുമുതൽ എട്ടുവരെ നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം മറൈൻ ഡ്രൈവിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home