'സമൂഹത്തോട് പക'; ജപ്പാനിൽ ബുക്ക്‌സ്റ്റോര്‍ ജീവനക്കാരനെ കുത്തി യുവാവ്

ടോക്യോ: ജപ്പാനിൽ ബുക്ക്‌സ്റ്റോര്‍ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ഒസാക്കയിലെ മാരുസെൻ ആൻഡ് ജുങ്കുഡോ പുസ്തകശാലയിലെ 23 വയസ്സുള്ള ജീവനക്കാരനാണ് കുത്തേറ്റത്. സംഭവത്തിൽ ഒസാക്ക സ്വദേശിയായ സതോഷി ഒകാമോട്ടോയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം.
ബുക്ക്‌സ്റ്റോറിന്‍റെ ഒന്നാം നിലയിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനെ പ്രതി പിന്നിൽനിന്ന് തട്ടിവിളിക്കുകയായിരുന്നു. തിരിഞ്ഞുനോക്കിയ ജീവനക്കാരന്റെ ഇടത് തുടയിൽ അടുക്കളക്കത്തി ഉപയോഗിച്ച് കുത്തി. പരിക്കേറ്റ ജീവനക്കാരൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കത്തി പിടിച്ചെടുക്കുകയും ചെയ്തു.
പരിക്കേറ്റ ജീവനക്കാരനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഇയാൾ ബോധവാനായിരുന്നു. ജീവനക്കാരന്റെ ജീവന് അപകടമില്ലെന്ന് പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 'സമൂഹത്തോടാകെ എനിക്ക് പകയുണ്ടായിരുന്നു' എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പ്രതിക്കും ജീവനക്കാരനും മുൻപരിചയമില്ലെന്നും ആക്രമണത്തിന് മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. ബുക്ക്സ്റ്റോറിന്‍റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയുടെ മാനസികനില സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമൂഹത്തോട് പകയുണ്ടെന്ന് പ്രതി പറഞ്ഞതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തെ തുടർന്ന് പുസ്തകശാലയിൽ ഞായറാഴ്ച നടത്താനിരുന്ന ജാപ്പനീസ് സംഗീതജ്ഞനും എഴുത്തുകാരനുമായ കെൻജി ഒത്സുകിയുടെ പുസ്തകവുമായി ബന്ധപ്പെട്ട ഓട്ടോഗ്രാഫ് പരിപാടി റദ്ദാക്കി. ഒസാക്കയിലെ തിരക്കേറിയ വ്യാപാരമേഖലയായ ചായമാച്ചിയിലാണ് ആക്രമണം നടന്നത്.
അക്രമാസക്തമായ കുറ്റകൃത്യങ്ങൾ താരതമ്യേന കുറവുള്ള ജപ്പാനിൽ സമീപവർഷങ്ങളിലായി പൊതുസ്ഥലങ്ങളിൽ കത്തി ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.








0 comments