ഡൽഹിയിൽ നിയന്ത്രണംവിട്ട് വായുമലിനീകരണം; ഗുണനിലവാര സൂചിക 400 കടന്നു

വായ മലിനീകരണം ഉയർന്ന നിലയിൽ ആയ തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഡൽഹി രഞ്ജിത്ത് സിങ് മാർഗിലെ പന്ത് ഹോസ്പിറ്റലിന് മുന്നിൽ നിന്നുള്ള കാഴ്ച | ഫോട്ടോ പി വി സുജിത്
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമാകുന്നു. പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക (എക്യുഐ) 400ന് മുകളിലെത്തി. അതീവ ഗുരുതരാവസ്ഥയാണിത്. വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ് നഗരം.
സോണിയ വിഹാറിലാണ് ഏറ്റവും ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത്- 449. ബുരാരി ക്രോസിങ് (445), വിവേക് വിഹാർ (441) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ജഹാംഗീർപുരിയിൽ എക്യുഐ 439 ഉം ഡൽഹി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൽ 437 ഉം രേഖപ്പെടുത്തി. രോഹിണിയിൽ ഇത് 435 ആയിരുന്നു. കൂടാതെ ഡിടിയു (431), ബവാന (424), ചൗക്ക്, പട്പർഗഞ്ച് (418 വീതം), മുണ്ട്ക (413), എൻഐഎച്ച് നരേല, പഞ്ചാബി ബാഗ് (408 വീതം), കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ്, ഐടിഒ (404 വീതം) തുടങ്ങിയ പ്രദേശങ്ങളിലും വായുനിലവാരം 'ഗുരുതര' വിഭാഗത്തിലാണ്.
ശനിയാഴ്ച നഗരത്തിന്റെ ശരാശരി എക്യുഐ 369ഉം ദീപാവലി ദിവസമായ ഞായറാഴ്ച 376 ഉം ആയിരുന്നു.
ദീപാവലിയോടനുബന്ധിച്ച് നവംബർ 7, 8 തീയതികളിൽ രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും ഡൽഹി-എൻസിആർ പ്രദേശത്ത് അംഗീകൃത ഹരിത പടക്കങ്ങൾ വിൽക്കാനും പൊട്ടിക്കാനും സുപ്രീം കോടതി അനുമതി നൽകിയിരുന്നു.







0 comments