Deshabhimani

ഇതിഹാസത്തിന് ആദരമില്ലേ?; ക്രിസ്റ്റ്യാനോയുടെ വിരമിക്കലിൽ മൗനം തുടർന്ന് റയൽ മാഡ്രിഡ്

Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ

വെബ് ഡെസ്ക്

Published on Nov 09, 2026, 10:11 AM | 1 min read

മാഡ്രിഡ് : രാജ്യാന്തര ഫുട്ബോളിൽനിന്നുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ താരത്തിന് ആദരമർപ്പിച്ച് മുൻ ക്ലബ്ബുകളും ഫുട്ബോൾ സംഘടനകളും രംഗത്തെത്തിയപ്പോൾ റയൽ മാഡ്രിഡിന്റെ മൗനം ശ്രദ്ധ നേടുന്നു. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ റൊണാൾഡോയുടെ വിരമിക്കലിൽ ഇതുവരെ പരസ്യ പ്രതികരണമൊന്നും റയൽ നടത്തിയിട്ടില്ല.


മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പോർട്ടിങ് സിപി, യുവന്റസ്, അൽ നസർ എന്നീ ക്ലബ്ബുകൾ റൊണാൾഡോയ്ക്ക് ആദരാമർപ്പിച്ചിരുന്നു. പ്രീമിയർ ലീഗ്, പോർച്ചുഗീസ് ലീഗ്, സൗദി പ്രോ ലീഗ്, യുവേഫ, ഫിഫ തുടങ്ങിയ സംഘടനകളും താരത്തിന്റെ രാജ്യാന്തര കരിയറിനെ പ്രകീർത്തിച്ചു. എന്നാൽ റയലിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ സമൂഹമാധ്യമ അക്കൗണ്ടുകളിലോ ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.


2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് റയൽ മാഡ്രിഡിലെത്തിയ റൊണാൾഡോ ഒമ്പത് സീസണുകളാണ് സ്പാനിഷ് ക്ലബ്ബിനൊപ്പം ചെലവഴിച്ചത്. 438 ഔദ്യോഗിക മത്സരങ്ങളിൽനിന്ന് 450 ഗോളുകൾ നേടിയ താരം ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി നേട്ടങ്ങളിലും നിർണായക പങ്കുവഹിച്ചു.


പോർച്ചുഗലിനായി 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകൾ നേടിയ ശേഷമാണ് റൊണാൾഡോ രാജ്യാന്തര ഫുട്ബോളിനോട് വിടപറയുന്നത്. നവംബർ അഞ്ചിനായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഇത്രയേറെ നേട്ടങ്ങൾ സമ്മാനിച്ച താരത്തിന്റെ പ്രഖ്യാപനത്തോട് റയൽ മാഡ്രിഡ് പ്രതികരിക്കാത്തതാണ് ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home