നെതന്യാഹുവിന്റെ കക്ഷികളെ കൂടെക്കൂട്ടാൻ ഐസൻകോട്ട്; ഇസ്രയേലിൽ ട്വിസ്റ്റ്

ഗാദി ഐസൻകോട്ട്
ടെൽ അവീവ്: ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനായി നിലവിലെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ സഖ്യകക്ഷികളുടെ പിന്തുണതേടി പ്രതിപക്ഷസഖ്യ നേതാവും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ട്. അറബ് പാർടികളുടെ പിന്തുണ തേടുന്നതിൽ നെതന്യാഹു ഉൾപ്പെടെ വർഗീയപ്രചാരണം നടത്തിയതിന് പിന്നാലെയാണ് നീക്കം. നെതന്യാഹുവിന്റെ ലിക്കുഡ് പാർടിയോടും തന്നെ പ്രധാനമന്ത്രിയായി പിന്തുണയ്ക്കാൻ ഐസൻകോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലിനുവേണ്ടി ദേശീയസർക്കാർ രൂപീകരിക്കുമെന്ന് ഐസൻകോട്ട് പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പശ്ചാത്തലത്തിൽ, ഇടതുപക്ഷ-–അറബ് പുരോഗമന കക്ഷികൾ ഉൾപ്പെടെ നെതന്യാഹു വിരുദ്ധചേരി ഒന്നടങ്കം ഐസൻകോട്ടിനെ പിന്തുണച്ചിരുന്നു. എന്നാൽ തീവ്രവലതുപക്ഷമായ ഐസൻകോട്ട് അറബ് കക്ഷികളെ പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചത്. ജൂതപാർടികൾ ഒരുമിക്കണമെന്ന് ഐസൻകോട്ട് ആഹ്വാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
അറബ് പാർടികളുടെ പിന്തുണയോടെയുള്ള സർക്കാർ രാജ്യം തകർക്കുമെന്ന് നെതന്യാഹു പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ മറുപടിയുമായി അറബ്–-ഇടതുപക്ഷ സഖ്യമായ ജോയിന്റ് ലിസ്റ്റിന്റെ മുതിർന്ന നേതാവ് അഹമ്മദ് തിബി രംഗത്തുവന്നു. തങ്ങളെ ഭീകരവാദികളെന്ന് വിളിക്കുന്ന നെതന്യാഹുവാണ് ഇസ്രയേലിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ ഭീകരനെന്നു തിബി തുറന്നടിച്ചു.
പാർലമെന്റായ നെസറ്റിലെ 120 സീറ്റുകളിൽ ഭൂരിപക്ഷത്തിന് 61 സീറ്റ് വേണം. ഐസൻകോട്ടിന്റെ യാഷർ പാർടിയുടെ സഖ്യം 48 സീറ്റും നെതന്യാഹുവിന്റെ ലിക്കുഡ് പാർടിയുടെ സഖ്യം 53 സീറ്റുമാണ് നേടിയത്. അറബ് പാർടികൾക്ക് 19 സീറ്റുണ്ട്. സർക്കാർ രൂപീകരിക്കാൻ ആറാഴ്ച സമയമാണുള്ളത്.








0 comments