Deshabhimani

ലാ ലിഗ; ആവേശപ്പോരാട്ടത്തിൽ അത്‌ലറ്റിക്കോയെ വീഴ്ത്തി ബാഴ്‌സലോണ

La Liga Barsalona

Photo: FC Barcelona

വെബ് ഡെസ്ക്

Published on Nov 09, 2026, 08:29 AM | 1 min read

മാഡ്രിഡ് : ലാ ലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ. ആവേശപ്പോരാട്ടത്തിൽ 2-1നായിരുന്നു ബാഴ്‌സയുടെ വിജയം. ഫെർമിൻ ലോപ്പസിന്റെ ഇരട്ടഗോളുകളാണ് ഹാൻസി ഫ്ലിക്കിന്റെ ടീമിന് തുണയായത്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുടെ ലീഡ് മൂന്നുപോയിന്റായി.


ശനിയാഴ്ച വലൻസിയയെ 3-0ന് തോൽപ്പിച്ച റയൽ മാഡ്രിഡ് 30 പോയിന്റുമായി ബാഴ്‌സയ്‌ക്കൊപ്പമെത്തിയിരുന്നു. എന്നാൽ അത്‌ലറ്റിക്കോയ്‌ക്കെതിരായ ജയത്തോടെ ബാഴ്‌സ വീണ്ടും മൂന്ന് പോയിന്റിന്റെ ലീഡ് സ്വന്തമാക്കി. ഈ സീസണിൽ 12 മത്സരങ്ങളിൽ 11ലും ബാഴ്‌സ വിജയിച്ചു. കഴിഞ്ഞ മാസം റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോയിലെ തോൽവി മാത്രമാണ് ടീമിന് തിരിച്ചടിയായത്.


ആദ്യ പകുതിയിൽ അത്‌ലറ്റിക്കോയ്ക്കായിരുന്നു കൂടുതൽ ആധിപത്യം. ആറാം മിനിറ്റിൽ ജൂലിയൻ അൽവാരസിന് ലഭിച്ച മികച്ച അവസരം ഗോളാക്കി മാറ്റാനായില്ല. മാർക് പുബില്ലിന്റെ ഹെഡർ ക്രോസ് ബാറിലും പെഡ്രിയുടെ ഷോട്ട് പോസ്റ്റിലും തട്ടിയതോടെ ഇരു ടീമുകൾക്കും ഗോൾ നഷ്ടമായി.


പത്താം മിനിറ്റിൽ അൽവാരസിന്റെ പാസ് സ്വീകരിച്ച ജൂലിയാനോ സിമിയോണി പന്ത് വലയിലെത്തിച്ച് അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കാനിരിക്കെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ഫെർമിൻ ലോപ്പസ് ബാഴ്‌സയ്ക്കായി സമനില ഗോൾ നേടി.


രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയ ബാഴ്‌സ 66-ാം മിനിറ്റിൽ ലീഡ് നേടി. ലാമിൻ യമാലിന്റെ പാസ് സ്വീകരിച്ച ഫെർമിൻ ലോപ്പസ് പന്ത് അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്കിനെ മറികടന്ന് വലയിലെത്തിച്ചു.


സമനില ഗോളിനായി അത്‌ലറ്റിക്കോ ശ്രമിച്ചെങ്കിലും ബാഴ്‌സ ഗോൾകീപ്പർ ജോവാൻ ഗാർസിയയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. തോൽവിയോടെ അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് ടീം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home