Deshabhimani

മൂന്നാം ഏകദിനത്തിന് മുൻപ് ന്യൂസിലൻഡിന് വീണ്ടും പരിക്ക് തിരിച്ചടി; രണ്ട് പേസർമാർ പുറത്ത്

Newzealand.

ടീം ന്യൂസിലൻഡ്| Photo: GettyImages

വെബ് ഡെസ്ക്

Published on Nov 09, 2026, 11:09 AM | 1 min read

ഹാമിൽട്ടൺ : ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ന്യൂസിലൻഡിന് വീണ്ടും പരിക്ക് തിരിച്ചടിയാകുന്നു. പേസർമാരായ ലോക്കി ഫെർഗൂസനും ബ്ലെയർ ടിക്നറും മൂന്നും നാലും ഏകദിനങ്ങളിൽ കളിക്കില്ല. വലതുകാലിലേറ്റ പരിക്കിനെ തുടർന്നാണ് ഫെർഗൂസൺ പുറത്തായത്. ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്.


വെല്ലിങ്ടണിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ ഹെൽമെറ്റിൽ പന്തുകൊണ്ട ടിക്നറിന് പരിക്കേറ്റിരുന്നു. താരത്തിന് പകരക്കാരനായി മാറ്റ് ഫിഷറിനെ ഇറക്കുകയും ചെയ്തു. ഐസിസിയുടെ നിർദേശപ്രകാരമുള്ള ഏഴ് ദിവസത്തെ വിശ്രമകാലം പൂർത്തിയാക്കാത്തതിനാൽ അടുത്ത രണ്ട് മത്സരങ്ങളിലും ടിക്നറിന് കളിക്കാനാകില്ല.


പേസർമാരുടെ അഭാവം നികത്താൻ ബൗളിങ് ഓൾറൗണ്ടർ ക്രിസ്റ്റ്യൻ ക്ലാർക്കിനെ ന്യൂസിലൻഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഏകദിനത്തിന് മുന്നോടിയായി താരം ടീമിനൊപ്പം ചേരും. നേരത്തെ തന്നെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ക്ലാർക്കിനെ ഉൾപ്പെടുത്തിയിരുന്നു.


മാറ്റ് ഹെൻറിയുടെ തിരിച്ചുവരവിലാണ് ന്യൂസിലൻഡിന്റെ പ്രതീക്ഷ. നാലാം ഏകദിനത്തിൽ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. വലതുതുടയിലെ പേശികൾക്കേറ്റ പരിക്കാണ് ഹെൻറിയെ പുറത്തിരുത്തിയത്. രണ്ടാം ട്വന്റി20 മത്സരത്തിനിടെയായിരുന്നു പരിക്ക്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഡെവൺ കോൺവേയ്ക്കൊപ്പം കൂട്ടിയിടിച്ചും ഹെൻറിക്ക് പരിക്കേറ്റിരുന്നു.


മൂന്നാം ഏകദിനത്തിന് പിന്നാലെ ന്യൂസിലൻഡ് ടെസ്റ്റ് ടീമിനൊപ്പം ചേരാനിരുന്ന ഹെൻറിയും കൈൽ ജാമിസണും നാലാം ഏകദിനത്തിലും ടീമിനൊപ്പം തുടരും. അവസാന രണ്ട് മത്സരങ്ങൾക്കായി രണ്ട് താരങ്ങളെക്കൂടി ടീമിലെത്തിക്കുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.


പരിക്കിനെ തുടർന്ന് ഡെവൺ കോൺവേ പരമ്പരയിൽനിന്ന് പുറത്തായി. തോളിന് പരിക്കേറ്റ രചിൻ രവീന്ദ്രയും ഹാംസ്ട്രിങ് പരിക്കുള്ള മാർക്ക് ചാപ്മാനും ടീമിലില്ല. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് മുന്നിലാണ്. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിന് ജയം അനിവാര്യമാണ്. ബുധനാഴ്ച ഹാമിൽട്ടണിലാണ് മൂന്നാം മത്സരം. നാലാം ഏകദിനം മൗണ്ട് മൗംഗനൂയിയിലാണ് നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home