Deshabhimani

എസ്എച്ച്ഒയുടെ നെഞ്ചില്‍ ഇടിച്ചു, അധികാരചിഹ്‌നം വലിച്ചെറിഞ്ഞു; കൊച്ചിയിൽ വീണ്ടും പൊലീസിനുനേരെ ആക്രമണം

S K Ajmal

എസ് കെ അജ്മൽ

വെബ് ഡെസ്ക്

Published on Nov 10, 2026, 10:33 PM | 1 min read

കൊച്ചി: കൊച്ചി നഗരത്തിൽ പൊലീസിനുനേരെ വീണ്ടും ആക്രമണം. കടവന്ത്ര എസ്എച്ച്ഒയേയും നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒയേയുമാണ് ആക്രമിച്ചത്.


ചൊവ്വ രാവിലെ 9.30ന് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലാണ്‌ സംഭവം. എസ്എച്ച്ഒ ആര്‍ ഹരികൃഷ്ണനെ ആക്രമിച്ച കൊല്ലം ശാസ്താംകോട്ട അജ്മല്‍ മന്‍സില്‍ എസ് കെ അജ്മലിനെ (32) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.


ആശുപത്രിയില്‍ ഒരാള്‍ ബഹളമുണ്ടാക്കുന്നതറിഞ്ഞാണ്‌ എസ്എച്ച്ഒയും സംഘവും എത്തിയത്‌. ബഹളമുണ്ടാക്കിയ അജ്‌മലിനെ പൊലീസ്‌ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്എച്ച്ഒയുടെ നെഞ്ചില്‍ ഇടിച്ച് മുറിവേല്‍പ്പിച്ചു. തുടർന്ന്‌ യൂണി-ഫോമിലെ അധികാര ചിഹ്‌നത്തിന്റെ ഫ്ലാപ്പ്‌ വലിച്ചുകീറി. എസ്എച്ച്ഒ ചികിത്സ തേടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.


നേരത്തെ, നോര്‍ത്ത് സ്‌റ്റേഷനിലെ പൊലീസുകാർക്കുനേരെയും ആക്രമണമുണ്ടായിരുന്നു. നോര്‍ത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജിനുസമീപം നടപ്പാലത്തില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. ഡ്രൈവര്‍ ആലപ്പുഴ എഴുപുന്ന സ്വദേശി സിപിഒ അജിത് പോളിനാണ് പരിക്കേറ്റത്. സംഭവത്തിൽ ശാസ്താംകോട്ട വേങ്ങ നെടുംപുറത്ത് കിഴക്കതിൽ വീട്ടില്‍ മുഹമ്മദ് ഇഖ്ബാലിനെ (25) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ രാത്രി 11നാണ്‌ ഇഖ്ബാല്‍ ബഹളമുണ്ടാക്കിയത്. പട്രോളിങ്ങിനിടെ നോര്‍ത്ത് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയും പ്രതി അക്രമാസക്തനായി. ജനറല്‍ ആശുപത്രിയില്‍വച്ച് വീണ്ടും അസഭ്യം പറഞ്ഞു. ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അജിത് പോളിന്റെ കൈ കടിച്ചുമുറിക്കുകയായിരുന്നു. ഇദ്ദേഹം ചികിത്സ തേടി. പ്രതിയെ റിമാന്‍ഡ് ചെയ്തു. മദ്യപിച്ച് ബഹളംവച്ചതിന് നോര്‍ത്ത് പൊലീസും ഇഖ്ബാലിനെതിരെ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home