print edition അവയവവിൽപ്പന റാക്കറ്റ്: തുടക്കം ബന്ധുവിന്റെ വൃക്കമാറ്റ ശസ്‌ത്രക്രിയക്കുശേഷം

മുഹമ്മദ് നജീബ്
കൊച്ചി: വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് അവയവവിൽപ്പന റാക്കറ്റ് ആരംഭിച്ചത് ബന്ധുവിന്റെ അവയവമാറ്റ ശസ്‌ത്രക്രിയക്കുശേഷം. അന്വേഷകസംഘത്തിന്റെ ചോദ്യംചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.
2019 അവസാനമായിരുന്നു ബന്ധുവിന് വൃക്ക വേണ്ടിവന്നത്. വൃക്ക ലഭിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് മുന്നിൽനിന്നത് നജീബായിരുന്നു. അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും ഇതിലെ പഴുതുകളെക്കുറിച്ചും നജീബ് മനസ്സിലാക്കി. തുടർന്നാണ് 2020 മുതൽ അവയവവിൽപ്പന റാക്കറ്റിന് തുടക്കമിട്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
മുഹമ്മദ് നജീബിന്റെയും ഭാര്യ റഷീദയുടെയും കസ്‌റ്റഡി കാലാവധി തിങ്കളാഴ്‌ച അവസാനിക്കും. ഇരുവരെയും തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കും. മുഹമ്മദ് നജീബിനെ വീണ്ടും കസ്‌റ്റഡിയിൽ ലഭിക്കാൻ അന്വേഷകസംഘം കോടതിയിൽ അപേക്ഷ നൽകും. നജീബിന്റെ സാന്പത്തിക ഇടപാടുകളും ഫോൺവിളി വിവരങ്ങളും പരിശോധിച്ചതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള ചോദ്യംചെയ്യൽ. അതേസമയം, അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും മൊഴിയെടുക്കൽ 80 ശതമാനം പൂർത്തിയായി. വിവിധ ജില്ലകളിൽനിന്നുള്ളവരുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്.
മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവവിൽപ്പന റാക്കറ്റ് അഞ്ചുവർഷമായി സജീവമായിരുന്നതായാണ് കണ്ടെത്തൽ. കോവിഡ് വ്യാപനകാലത്തിനുശേഷം 2021 മുതലാണ് റാക്കറ്റ് ആരംഭിച്ചത്. ഇതുവരെ നാൽപ്പതോളം അവയവമാറ്റം നടത്തിയതായി ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിൽ കൂടുതൽ നടന്നതായി സംശയിക്കുന്നു. നജീബിന്റെ കംപ്യൂട്ടർ ഹാർഡ്‌ഡിസ്‌ക്കിന്റെ പരിശോധന പുരോഗമിക്കുകയാണ്. ഇതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും.
നജീബിന്റെ പ്രധാന ഇടനിലക്കാരിൽ ഒരാളായ മറയൂർ സ്വദേശി ഡെബിൻ ജോസഫിനെ കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. സ്‌പാ കേന്ദ്രങ്ങൾ ഉൾപ്പെടെ മറയാക്കിയാണ് ഇയാൾ അവയവവിൽപ്പന നടത്തിയിരുന്നത്.










0 comments