ad
Deshabhimani

നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി

house.

ഓടുകൾ പറന്നുപോയ വീട്

വെബ് ഡെസ്ക്

Published on May 22, 2026, 03:14 PM | 1 min read

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനെത്തിയ വിമാനം അസാധാരണമായ രീതിയിൽ താഴ്ന്നുപറന്നതിനെത്തുടർന്ന് വീടിന്റെ ഓടുകൾ പറന്നുപോയി. വിമാനത്തിൽ നിന്നുണ്ടായ വായുസമ്മർദ്ദം കാരണം വീടിന്റെ മേൽക്കൂരയിലെ നൂറിലധികം ഓടുകളാണ് പറന്നുപോയത്. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.


കഴിഞ്ഞദിവസം വൈകിട്ടായിരുന്നു നാടിനെ ആശങ്കയിലാഴ്ത്തിയ ഈ സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനായി വിമാനം ഒക്കൽ മേഖലയ്ക്ക് മുകളിലൂടെ അസാധാരണമായി താഴ്ന്നുപറക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വിമാനം കടന്നുപോയതിന് പിന്നാലെ ഉണ്ടായ ശക്തമായ കാറ്റിൽ ജോയിയുടെ വീടിന്റെ മേൽക്കൂരയിലെ നൂറിലധികം ഓടുകൾ ഇളകി താഴേക്ക് പതിക്കുകയായിരുന്നു.


ഈ മേഖലയിൽ വിമാനങ്ങൾ താഴ്ന്നുപറന്ന് നാശനഷ്ടമുണ്ടാകുന്നത് ഇതാദ്യമല്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. മുൻപ് ഇതേ പ്രദേശത്തുള്ള പണ്ടാല പ്രസാദ് എന്നയാളുടെ വീടിന്റെ മേൽക്കൂരയ്ക്കും സമാനമായ രീതിയിൽ മൂന്ന് തവണ കേടുപാടുകൾ സംഭവിച്ചിരുന്നു.


ഇതുസംബന്ധിച്ച് മുൻപ് കൊച്ചി രാജ്യാന്തര വിമാനത്താവള അതോറിറ്റിക്ക് (സിയാൽ) പരാതി നൽകിയിരുന്നെങ്കിലും അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം വിമാനങ്ങൾ താഴ്ന്നുപറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home