ad
Deshabhimani

ഉദ്ഘാടനം നിർവഹിക്കാൻ തോറ്റ സ്ഥാനാർഥികളും; സർക്കാർ പരിപാടികളെ രാഷ്ട്രീയമാക്കുന്നത് കോൺഗ്രസ് നയമോ ? കെ എൻ ബാല​ഗോപാൽ

K N Balagopal

കെ എൻ ബാല​ഗോപാൽ

വെബ് ഡെസ്ക്

Published on Jun 15, 2026, 08:38 PM | 2 min read

തിരുവനന്തപുരം: സർക്കാരിന്റെ പരിപാടികളെ രാഷ്ട്രീയ പരിപാടികൾ ആക്കി മാറ്റുന്നത് കോൺഗ്രസിന്റെ നയമാണോ എന്ന് അവർ വ്യക്തമാക്കണമെന്ന് മുൻ ധനകാര്യമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗവുമായ കെ എൻ ബാല​ഗോപാൽ. ഇന്ന് പദ്ധതിയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഗൗരവത്തോടുകൂടി കാണേണ്ടതുണ്ട്. പലയിടങ്ങളിലും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് കോൺഗ്രസ് നേതാക്കന്മാരും തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥികളുമൊക്കെയാണ്. തദ്ദേശസ്വയംഭരണ തലത്തിലോ സർക്കാർ തലത്തിലോ ഏതെങ്കിലും ചുമതല വഹിക്കുന്ന ആളുകളല്ല അവർ.


ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. പദ്ധതിയുടെ പേര് തീരുമാനിച്ചത് മുതലിങ്ങോട്ട് കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയായാണ് നടന്നുവരുന്നത്. സർക്കാരിന്റെ പരിപാടികളെ ഇങ്ങനെ രാഷ്ട്രീയ പരിപാടികൾ ആക്കി മാറ്റുന്നത് കോൺഗ്രസിന്റെ നയമാണോ എന്ന് അവർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് വാഗ്ദാനം ചെയ്ത കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി ഇന്ന് ഭാഗികമായി ആരംഭിച്ചിരിക്കുന്നു. ഏകദേശം 500 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ സർക്കാരിനുണ്ടാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


തങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമെന്നും തീർഥാടന കേന്ദ്രങ്ങളിലും വിനോദ കേന്ദ്രങ്ങളിലുമെല്ലാം ഇനിമുതൽ സൗജന്യമായി പോകാമെന്നും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഒരു വിഭാഗം ഓർഡിനറി ബസുകളിൽ മാത്രമാണ് ഇപ്പോൾ യാത്ര സൗജന്യമാക്കിയിട്ടുള്ളത്. അധികാരത്തിൽ എത്തിയതിനുശേഷം നടത്തുന്ന വാഗ്ദാന ലംഘനങ്ങളുടെ കൂട്ടത്തിൽ അങ്ങനെ ഒന്നുകൂടി അവർ ചേർത്തിരിക്കുന്നു. പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ഓർഡിനറി ബസുകൾ പലതും സിറ്റി ഫാസ്റ്റുകൾ ആക്കി മാറ്റിയിരിക്കുന്നു എന്ന തരത്തിലും വാർത്തകൾ വരുന്നു.





എൽഡിഎഫ് സർക്കാർ അവസാനം അവതരിപ്പിച്ച ബജറ്റിൽ 3720 കോടി രൂപ നീക്കിവെച്ച പദ്ധതിയാണ് മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതി. നിലവിൽ 35 നും 60 നും ഇടയിൽ പ്രായമുള്ള 20 ലക്ഷത്തോളം സ്ത്രീകൾക്ക്‌ പ്രതിമാസം ആയിരം രൂപ വീതം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. നിലവിൽ പദ്ധതിയിൽ ചേർന്നവർക്ക് ധനസഹായം നൽകാൻ മാത്രം വർഷം 2500 കോടി രൂപയോളം വേണം.


കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതിയുടെ അഞ്ചിരട്ടിയിലധികം തുക സംസ്ഥാനത്തെ 20 ലക്ഷം സ്ത്രീകളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ രണ്ടു മാസമായി മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായം ഗുണഭോക്താക്കൾക്ക് സർക്കാർ നൽകിയിട്ടില്ല. നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീസുരക്ഷാ പദ്ധതി തടസപ്പെടുത്തുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ് കെ എൻ ബാല​ഗോപാൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ ആരംഭിച്ച മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയുടെ തുക അടിയന്തരമായി സർക്കാർ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home