print edition അപേക്ഷകൾ അംഗീകരിച്ചത് മാനദണ്ഡങ്ങൾ പരിശോധിച്ച്: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചതിനുശേഷമാണ് സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയിലെ അപേക്ഷകൾ അംഗീകരിച്ചതെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഒരുഘട്ടത്തിലും ഉയർന്നുവന്നിട്ടില്ല.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സ്ത്രീസുരക്ഷാ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. രാജ്യത്തെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കാനുള്ള പരിശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതിമാസം 1000 രൂപ വീതം ലഭിക്കുന്ന പദ്ധതിയിൽ 20 ലക്ഷത്തോളം സ്ത്രീകളാണ് ഇതുവരെ അംഗങ്ങളായത്. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 3720 കോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി മാറ്റിവച്ചത്. കെഎസ്ആർടിസി സൗജന്യ യാത്രാപദ്ധതിക്ക് ചെലവാക്കേണ്ടിവരുന്നതിന്റെ ആറിരട്ടിയിലധികം തുകയാണിത്.
പദ്ധതിയിൽ അംഗങ്ങളാകാൻ സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളിൽനിന്ന് അപേക്ഷ സ്വീകരിച്ചത്.
ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽനിന്ന് പിന്നോട്ടുപോകുകയും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ചെയ്യുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.











0 comments