ഡോക്ടറാകാൻ ആഗ്രഹിച്ചു, പോരാളിയായി


സ്വന്തം ലേഖകൻ
Published on Jun 29, 2025, 11:21 PM | 1 min read
കൊച്ചി
: മലയിറങ്ങി മഹാരാജാസ് കോളേജിൽ എത്തുമ്പോൾ കെ എം സലിംകുമാറിന് ആഗ്രഹം ഡോക്ടറാകാനായിരുന്നു. എന്നാൽ, കലാലയകാലം ജീവിതവീക്ഷണങ്ങൾ മാറ്റി. ദരിദ്രർക്കും ദളിതർക്കുമായുള്ള കലഹവും പോരാട്ടവും അവിടെ തുടങ്ങി.
മാറുമറയ്‌ക്കാത്ത, നിരക്ഷരരായ ദരിദ്രമനുഷ്യരുടെ ചിത്രം ബാല്യത്തിൽ സലിംകുമാറിന്റെ ഉള്ളിൽ തറച്ചിരുന്നു. അതിൽ മാതാപിതാക്കളും പ്രിയപ്പെട്ടവരുമുണ്ടായിരുന്നു. ഓർമ ഉറയ്ക്കുംമുമ്പേ അച്ഛനെ നഷ്ടമായി.
വളർത്തച്ഛൻ കൊലുമ്പന് സലിംകുമാർ പഠിക്കണമെന്ന് നിർബന്ധം. കൊലുമ്പൻ ഒരിക്കൽമാത്രം ത ല്ലിയതും സ്‌കൂളിൽ പോകാതിരുന്നതിന്.
കലാലയജീവിതത്തിൽ രാഷ് ട്രീയം ശ്രദ്ധിക്കാനാരംഭിച്ചു. ഇടതുപക്ഷമായി. മാർക്‌സിലേക്ക് അടുത്തു. ഇ എം എസിനെയും ചെ ഗുവേരയെയും ഇഷ്ടപ്പെട്ടു. നക്‌സൽ പ്രസ്ഥാനത്തിനൊപ്പം ചേർന്നപ്പോൾ പൊലീസ് വേട്ടയ്‌ക്കിരയായി. ഇതോടെ ബിരുദ പരീക്ഷ എഴുതാനായില്ല. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി പൊലീസ് മർദനമേറ്റു. സഹതടവുകാരനായ ആർഎസ്‌എസുകാരനിൽനിന്ന് അവരുടെ അയിത്തമനോഭാവവും അറിയാനായി.
സംഘപരിവാർ ഉയർത്തുന്ന ഭീഷണികൾ നിരന്തരം ഓർമപ്പെടുത്തി.
സി കെ ജാനുവിന്റെ സംഘപരിവാർ പ്രവേശത്തെയും പ്രസ്ഥാനത്തിലെ ചിലർ ജമാഅത്തെ ഇസ്ലാമിയെ പുൽകിയതിനെയും ദുരന്തമെന്നാണ് വിശേഷിപ്പിച്ചത്.
രാഷ്ട്രീയ ജനാധിപത്യം നേരിടുന്ന പ്രതിസന്ധി സംഘപരിവാറാണെന്ന് എക്കാലവും വിളിച്ചുപറഞ്ഞു. സംഘപരിവാറിനെതിരെയുള്ള പ്രതിരോധം, സ്‌ത്രീ ഉന്നമന നിലപാട് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് എൽഡിഎഫിന്റെ തുടർഭരണത്തിലേക്ക് നയിച്ചതെന്നും വിലയിരുത്തിയിരുന്നു.










0 comments