ad
Deshabhimani

21,881 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി , 27,273 കോടിയുടെ പദ്ധതികൾ പുരോഗമിക്കുന്നു

print edition കിഫ്‌ബി @ 25 ; ഒമ്പതര
വർഷം 
; 90,562 കോടിയുടെ പദ്ധതികൾ

kiifb kerala
വെബ് ഡെസ്ക്

Published on Oct 28, 2025, 02:50 AM | 2 min read


തിരുവനന്തപുരം

ഒമ്പതര വർഷത്തിനിടയിൽ കിഫ്‌ബി അംഗീകാരം നൽകിയത്‌ 90,562 കോടി രൂപയുടെ 1190 പദ്ധതികൾക്ക്‌. 70,562 കോടിയുടെ 1183 അടിസ്ഥാന സ‍ൗകര്യ വികസന പദ്ധതികൾക്കും 20,000 കോടിയുടെ ഏഴ്‌ ഭൂമി ഏറ്റെടുക്കൽ പാക്കേജുകൾക്കുമാണ്‌ അംഗീകാരം നൽകിയത്‌. ഇതിൽ 37,388 കോടി രൂപ ചെലവഴിച്ചു. 21881 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായി. 27,273 കോടിയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും കിഫ്‌ബിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.


പൊതുമരാമത്ത്‌ വകുപ്പിനു കീഴിൽ 104 പദ്ധതി പൂർത്തിയാക്കി. ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന്‌ സംസ്ഥാന വിഹിതമായി കിഫ്‌ബി വഴി 5581 കോടി രൂപ കൈമാറി. ശബരിമല ഇടത്താവളങ്ങളുടെ വികസനത്തിന്‌ 126.94 കോടിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സ‍ൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഒമ്പത്‌ താലൂക്ക്‌ ആശുപത്രിയുടെയും രണ്ട്‌ ജനറൽ ആശുപത്രിയുടെയും ഒരു ജില്ലാ ആശുപത്രിയുടെയും മലബാർ കാൻസർ സെന്ററിലെയും പണി പൂർത്തിയാക്കി. 45 ആശുപത്രികളിൽ ഡയാലിസിസ്‌ യൂണിറ്റ്‌ സജ്ജമാക്കി. 49 ഐസൊലേഷൻ വാർഡുകൾ പൂർത്തിയാക്കി.


വ്യവസായ രംഗത്ത്‌ ഭൂമി ഏറ്റടുക്കുന്നതിന്‌ 20,000 കോടിയാണ്‌ ചെലവഴിക്കുന്നത്‌. വൈദ്യുതി മേഖലയിൽ ട്രാൻസ്‌ ഗ്രിഡ്‌ പദ്ധതിക്കായി 1709 കോടി ചെലവഴിച്ചു. 579 സ്‌കൂൾ കെട്ടിടം പൂർത്തിയാക്കി. മത്സ്യവകുപ്പിനു കീഴിലൂടെ 50 സ്‌കൂൾ കെട്ടിടങ്ങൾ നവീകരിച്ചു. 44700 സ്‌കൂളുകളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. ആനക്കാംപൊയിൽ –മേപ്പാടി ടണൽ റോഡ്‌ നിർമാണത്തിന്‌ 2135 കോടിയുടെ പദ്ധതി അംഗീകരിച്ചു. കേശവദാസപുരം മുതൽ അങ്കമാലിവരെ എംസി റോഡ്‌ വികസനത്തിന്‌ 1900 കോടി രൂപയുടെ ഭരണാനുമതി നൽകി.


വിഴിഞ്ഞം – കൊല്ലം – പുനലൂർ വികസന ത്രികോണ പദ്ധതി നടപ്പാക്കാൻ കിഫ്‌ബിക്ക് കീഴിൽ എസ്‌പിവി രൂപീകരണത്തിനും അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2227 കോടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതായും മന്ത്രി അറിയിച്ചു. കിഫ്‌ബി സിഇഒ ഡോ. കെ എം എബ്രഹാം, അഡിഷണൽ സിഇഒ മിനി ആന്റണി എന്നിവരും പങ്കെടുത്തു.


ആഘോഷം നവംബര്‍ 4ന്‌

കിഫ്‌ബിയുടെ രജത ജൂബിലി ആഘോഷ പരിപാടികൾ നവംബർ നാലിന്‌ കനകക്കുന്ന്‌ കൊട്ടാരത്തിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി നടക്കും. പൊതുസമ്മേളനം വൈകിട്ട്‌ ആറിന്‌ നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കിഫ്‌ബി മലയാളം മാസിക, ഇംഗ്ലീഷ്‌ – മലയാളം കോഫി ടേബിൾ ബുക്കുകൾ എന്നിവ പ്രകാശിപ്പിക്കും. കിഫ്‌ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സെമിനാര്‍ പകൽ രണ്ടിന്‌ കനകക്കുന്ന് കൊട്ടാരത്തിൽ നടക്കും.


1999ലെ കേരള അടിസ്ഥാന സ‍ൗകര്യ നിക്ഷേപ നിധി നിയമപ്രകാരം 1999 നവംബർ 11നാണ്‌ കിഫ്‌ബി നിലവിൽ വന്നത്‌. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം നിയമ ഭേദഗതിയിലൂടെ കിഫ്‌ബിയെ ശാക്തീകരിച്ചു. റിസർവ്‌ ബാങ്കും സെബിയും അംഗീകരിച്ച നൂതന ധനസമാഹരണ മാർഗങ്ങളിലൂടെയും കിഫ്‌ബി നടത്തുന്ന തനതായ വിഭവ സമാഹരണത്തിലൂടെയുമാണ്‌ പണം കണ്ടെത്തുന്നത്‌. സംസ്ഥാന വരുമാനത്തിന്റെ ചെറിയൊരു പങ്കും വർഷം തോറും കിഫ്‌ബിക്ക്‌ സർക്കാർ വിഹിതമായി ലഭ്യമാക്കുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home