പിടിയിലായ കെവിൻ ലഹരി പാര്‍ടികളുടെ സംഘാടകൻ

കൊച്ചി: തൃക്കാക്കരയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ചെമ്പുമുക്ക് സ്വദേശി കെവിൻ ബി മാത്യു രണ്ടു വർഷത്തിനിടെ നടത്തിയത് 20 ലക്ഷം രൂപയുടെ മയക്കുമരുന്ന് കച്ചവടമെന്ന് പൊലീസ്. സമൂഹത്തിലെ ഉന്നതരെ ഉൾപ്പെടുത്തി ആഡംബരഹോട്ടലുകളിൽ ‘വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ടി’കൾ നടത്തിയതായി ഇയാൾ സമ്മതിച്ചതായി നാർകോട്ടിക് സെൽ എസിപി ടി ഡി സുനിൽകുമാർ പറഞ്ഞു.
ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന് മലയാളി യുവതി വഴിയാണ് കെവിന് മയക്കുമരുന്ന് ലഭിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ ലഹരിക്കടത്തിന് പ്രേരിപ്പിച്ചതായും സൂചനയുണ്ട്. വിദേശരാജ്യങ്ങൾ സന്ദർശിച്ചതായും കണ്ടെത്തി. റിമാൻഡിലുള്ള കെവിനെ തൃക്കാക്കര പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
തൃക്കാക്കര വാഴക്കാലയിൽനിന്ന് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായി കെവിൻ ബി മാത്യുവിനെ വെള്ളിയാഴ്‌ചയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. മാർച്ച് 28ന് കടവന്ത്രയിലെ ആഡംബരഹോട്ടലിൽനിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി എട്ടുപേർ പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് കെവിൻ പിടിയിലായത്. ഇവന്റ് മാനേജ്മെന്റ് ഉടമയും കെമിക്കൽ ട്രീറ്റ്മെന്റ് ബിസിനസുകാരനും ദന്തഡോക്ടറായ യുവതിയുമടക്കം അന്ന് അറസ്‌റ്റിലായിരുന്നു.










0 comments