അൾട്രാവയലറ്റ് സൂചിക ഉയർന്നുതന്നെ; കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

എ ഐ പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്. കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി) എന്നിവിടങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇത് പ്രകാരം ജനങ്ങൾ അതീവ ജാഗ്രത പുലർത്തുകയും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതല്‍ പത്തുവരെയാണ് ഓറഞ്ച് അലര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്.
കൊട്ടാരക്കര(കൊല്ലം), കളമശ്ശേരി(എറണാകുളം), ഒല്ലൂർ(തൃശ്ശൂർ), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), ബേപ്പൂർ(കോഴിക്കോട്) മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർച്ചയായി കൂടുതൽ സമയം സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്നു നിൽക്കുന്നത്. ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യുവി സൂചിക ഉയർന്നേക്കാം. ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ ഈ രശ്മികളെ പ്രതിഫലിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം മേഖലകളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം.
പുറം ജോലികളിൽ ഏർപ്പെടുന്ന താഴെ പറയുന്ന വിഭാഗങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം:
മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ.
ചർമരോഗമുള്ളവർ, നേത്രരോഗികൾ.
ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ.
പ്രതിരോധ മാർഗങ്ങൾ
പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
ശരീരം മുഴുവൻ മറയുന്ന തരം കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
യാത്രയ്ക്കിടയിൽ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.










0 comments